
തിരുവനന്തപുരം: ഫുട്ബോള്‍ ആവേശത്തിന്റെ കിക്കോഫിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇഷ്ട താരങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ജയ് വിളിച്ച് മന്ത്രിപ്പടയും രംഗത്ത്. എംഎം മണിയും കടകംപള്ളി സുരേന്ദ്രനും തുടക്കമിട്ട ആവേശ വാക്പോരില്‍ ഡോ.തോമസ് ഐസക്കും പങ്കാളിയായി. ലോകകപ്പ് ആവേശത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്.
ചങ്കിടിപ്പാണ്.. അര്‍ജന്റീന അന്നും, ഇന്നും എന്നും.. എന്ന് മണിയാശാന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫുട്ബോള്‍ തട്ടുന്ന ചിത്രം പങ്കുവെച്ചാണ് അര്‍ജന്റീനയുടെ പോസ്റ്ററും മണിയാശാന് ഇട്ടിരിക്കുന്നത്. ഇതിനു മറുപടിയുമായി ചങ്കിടിപ്പല്ല, ചങ്കുറപ്പാണ് കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം. മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പമെന്ന് കടകംപള്ളിയും കുറിച്ചു. ഇതിനു പിന്നാലെയാണ് ഫുട്ബോളിന്റെ രാഷ്ട്രീയവും ഇഷ്ടടീമിനേയും വെളിപ്പെടുത്തി തോമസ് ഐസക് രംഗത്തെത്തിയത്.
തോറ്റാലും ജയിച്ചാലും അര്ജന്റീനയ്ക്കൊപ്പമെന്ന് കുറിച്ച് അര്‍ജന്റീനയുടെ ചിത്രമുള്‍പ്പെടുത്തി തോമസ് ഐസക്കും വാക്പോരിനെത്തി. മന്ത്രിമാരുടെ വാക്പോരിനു രസകരമായ കമന്റുകളും ഉയരുന്നുണ്ട്..






