
മോസ്കോ: ജപ്പാനെതിരെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി. ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയയയെ ഏഷ്യന്‍ രാജ്യമായ ജപ്പാന് അട്ടിമറിച്ചപ്പോള്‍ അതു ചരിത്രമായിരുന്നു. ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്കു മേല്‍ ഏഷ്യന്‍ രാജ്യം ലോകകപ്പില്‍ മേധാവിത്വം സ്ഥാപിച്ചത് ആദ്യ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തിലാണ്. ഇതിനു പിന്നാലെയാണ് സാഞ്ചസിനെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വധഭീഷണിയില്‍ അന്വേഷണം നടത്താന്‍ കൊളംബിയന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ജപ്പാനെതിരെ മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കാര്‍ലോസ് സാഞ്ചസ് കൈകൊണ്ട് തടയുകയായിരുന്നു. തുടര്‍ന്ന് ചുവപ്പുകാര്‍ഡ് കണ്ട് സാഞ്ചസ് പുറത്തുപോകുകയായിരുന്നു. ജപ്പാനു കിട്ടിയ പെനാല്‍റ്റി ഗോളാകുകയും അട്ടിമറി വിജയം നേടുകയും ചെയ്തു. മത്സരത്തില്‍ കൊളംബിയ തോറ്റതോടെ സാഞ്ചസാണ് വില്ലനെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. സാഞ്ചസിന് അടുത്ത മത്സരത്തില്‍ വിലക്കുണ്ട്.
1994 ലോകകപ്പിലെ സെല്‍ഫ് ഗോളിന്റെ പേരില്‍ പ്രതിരോധ താരമായിരുന്ന ആന്ദ്രേ എസ്കോബാറിന് ജീവന് നഷ്ടമായിരുന്നു. ലോകകപ്പ് കഴിഞ്ഞ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മയക്കുമരുന്ന് മാഫിയയും വാതുവെയ്പ്പുകാരും എസ്കോബാറിന്റെ ജീവനെടുക്കുകയായിരുന്നു.


