ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജ് നിയമനത്തില്‍ മലയാളിയായ കെ.എം ജോസഫിനെ പിന്തുണച്ച് ജസ്റ്റിസ് ചെലമേശ്വര്‍. കെ.എം ജോസഫ് സുപ്രീം കോടതിയില്‍ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചെലമേശ്വര്‍ പറഞ്ഞു. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ ന്യായീകരിക്കാനാകാത്തതാണ്. ന്യായാധിപന് ആയിരുന്നപ്പോള്‍ ഇക്കാര്യം നടപ്പിലാക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു.
സുപ്രീം കോടതി കൊളീജിയം ഐക്യകണേ്ഠനയാണ് കെ.എം ജോസഫിന്റെ നിയമന ഉത്തരവ് കേന്ദ്രസര്‍ക്കാരിന് അയച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലായിരുന്നു. ഇക്കാര്യം താന്‍ കൊളീജിയം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എട്ട് പേജുള്ള വിശദീകരണമാണ് താന്‍ കൊളീജിയം യോഗത്തില്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കത്തിന്റെ വിശദാംശങ്ങള്‍ ചെലമേശ്വര്‍ വെളിപ്പെടുത്തിയില്ല. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചതില്‍ ഖേദമില്ലെന്നും ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.






