
കട്ടപ്പന/കൊല്ലം: 57 ലക്ഷത്തിന്റെ കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ടു സീരിയല്‍ നടിയും സഹോദരിയും അമ്മയും അറസ്റ്റില്‍. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ അഭിനേത്രി സൂര്യ ശിവകുമാര്‍(36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍(ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരെയാണ് ഇന്നലെ െവെകിട്ട് കട്ടപ്പനയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇവരുടെ മുളങ്കാട്ടെ വീട്ടില്‍നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും അച്ചടിച്ച 57 ലക്ഷത്തിന്റെ കള്ളനോട്ടും പിടിച്ചെടുത്തു.
തിങ്കളാഴ്ച അണക്കരയില്‍ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ്(സാം-44), ബി.എസ്.എഫ് മുന്‍ ജവാന് കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍(46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്(58) എന്നിവരില്‍നിന്നു ലഭിച്ച വിവരങ്ങളാണ് നടിയേയും കുടുംബാംഗങ്ങളെയും കുടുക്കാന്‍ വഴിമരുന്നായത്. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കട്ടപ്പന സി.ഐ: വി.എസ് അനില്‍കുമാര്‍, കുമളി സി.ഐ: വി.കെ ജയപ്രകാശ്, പീരുമേട് സി.ഐ: വി. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതി ലിയോയുമായി എത്തി വീട് റെയ്ഡ് ചെയ്യുകയായിരുന്നു.
മുളങ്കാട്ടെ ആഢംബര വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് കള്ളനോട്ട് അച്ചടിച്ചുവന്നത്. ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്റെ തയാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു.
ആദ്യഘട്ടമായി ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന് എന്നിവരെ പിടികൂടിയത്. രണ്ടാംഘട്ടമായി അച്ചടിച്ച 57 ലക്ഷം രൂപ രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടു പേപ്പറുകളിലായി അച്ചടിച്ച 500 രൂപ നോട്ടിന്റെ രണ്ടുവശവും ചേര്‍ത്തൊട്ടിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുണ്ടായിരുന്നത്.
ഒരു ലക്ഷം രൂപയ്ക്ക് മൂന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നല്കാന് തീരുമാനിച്ചിരുന്നത്. കിട്ടുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്ന ധാരണയിലാണ് ഇവരില്‍നിന്നു 4.36 ലക്ഷം രൂപ െകെപ്പറ്റിയത്. സംഘത്തില്‍പ്പെട്ട ഏഴു പേരെക്കുറിച്ച് വിവരം ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച റെയ്ഡ് രാവിലെ പത്തോടെയാണ് അവസാനിച്ചത്.
രമാദേവിയും ഭര്‍ത്താവും നേരത്തെ കുെവെത്തിലായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം നാട്ടിലെത്തിയ രമാദേവി ആറുമാസം മുമ്പു വീട് വിറ്റു. തുടര്‍ന്ന് ഇതേ വീട്ടില്‍ മക്കളുമായി വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ആറു മാസമായി ഇവിടെ നോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാര്‍ എസ്.ഐ: ബജിത്ത്ലാല്‍, എ.എസ്.ഐമാരായ ഷാജി എബ്രഹാം, റെജി കുര്യന്, സി.പി.ഒമാരായ ഷിനാസ്, ജോജി, വനിത സി.പി.ഒമരായ സുമം, രാഖി കെ.രഘു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.






