ദോഹ: നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയുന്നത് വരെ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുതെന്ന് നടന് മാമൂക്കോയ. ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ ഭാഗമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദോഹയില്‍ ക്യു മലയാളം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മാമൂക്കോയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
താന്‍ അമ്മയുടെ എക്സിക്യൂട്ടീവ് അംഗമല്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം. അത് പൊതുവികാരമാണെന്നും മാമൂക്കോയ പറഞ്ഞു. കലാകാരന്മാര് സാമൂഹിക വിഷയങ്ങളില്‍ ഇടപെടണം. അതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണം. എന്നാല്‍ ഇതിന് ആരെയും നിര്‍ബന്ധിക്കാനാകില്ലെന്നും മാമൂക്കോയ പറഞ്ഞു.
അതേസമയം ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരായ പ്രതിഷേധം ചര്‍ച്ച ചെയ്യുന്നതിന് അമ്മയുടെ പ്രത്യേക എക്സിക്യൂട്ടീവ് യോഗം ജൂലൈ 19ന് നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്. ഡബ്ല്യു.സി.സി അംഗങ്ങളുമായുള്ള ചര്‍ച്ചയും ഇതോടൊപ്പം നടക്കും. രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ക്ക് ചര്‍ച്ചയ്ക്ക് ക്ഷണക്കത്ത് നല്‍കും.






