മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ നീക്കിയ നടപടി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ശരിവച്ചു. തന്നെ നീക്കിയ നടപടിക്കെതിരെ അദ്ദേഹം നല്കിയ ഹര്‍ജി തള്ളി. ഡയറക്ടര്‍ ബോര്‍ഡിന്റെ തെറ്റായ നീക്കങ്ങളാണ് തന്നെ പുറത്താക്കാന്‍ കാരണമെന്നായിരുന്നു മിസ്ത്രിയുടെ വാദം. ന്യൂനപക്ഷം ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സമര്‍പ്പിക്കുന്നതിലും വീഴ്ച സംഭവിച്ചതായി അദ്ദേഹം വാദിച്ചു. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയാണ് തന്നെ പുറത്താക്കിയതെന്നും മിസ്ത്രി വാദിച്ചു.
എന്നാല്‍ അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം കമ്പനി ലോ ട്രിബ്യൂണല്‍ തള്ളി. കമ്പനിയുടെ ഉന്നത സ്ഥാനത്തുള്ളവരെ നീക്കാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി. മിസ്ത്രി ബോര്‍ഡിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങിയെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മിസ്ത്രിയുടെ അഭിഭാഷകന് അറിയിച്ചു.
വിശ്വാസം നഷ്ടപ്പെട്ടാല്‍ ചെയര്‍മാനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടെന്നായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ വാദം. ഇതനുസരിച്ച് ഒന്‍പത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഏഴ് പേര് മിസ്ത്രിയെ മാറ്റുന്നതിനെ അനുകൂലിച്ചുവെന്നും ടാറ്റ അറിയിച്ചു. ഈ വാദങ്ങള്‍ കമ്പനി ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ കമ്പനിയില്‍ ടാറ്റ കമ്പനിക്ക് 68 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്നും ഇതുപയോഗിച്ചാണ് വോട്ടിങ്ങില്‍ മേധാവിത്തം നേടിയതെന്നുമായിരുന്നു മിസ്ത്രിയുടെ വാദം. മിസ്ത്രി കുടുംബത്തിന് 18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. രത്തന്‍ ടാറ്റ വിരമിച്ചതിനെ തുടര്‍ന്ന് 2012ലാണ് മിസ്ത്രി ചെയര്‍മാനായത്. ടാറ്റ കുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യ ചെയര്‍മാനായിരുന്നു അദ്ദേഹം.






