
ചിയാങ് റായ്: ലോകത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടാകുന്നു. തായ്ലന്ഡില് ഗുഹയില്‍ കുടുങ്ങിപ്പോയ മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നു. ഇതോടെ പതിനൊന്ന് കുട്ടികള്‍ തിരികെ ജീവിതത്തിലേക്ക് എത്തി. ഇനി ഒരു കുട്ടിയും പരിശീലകനും ഗുഹയില്‍ അവശേഷിക്കുന്നു. ലോകം നെഞ്ചിടിപ്പോടെ കാണുന്ന ആ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒമ്പതാമനെ താം ലുവാങ് ഗുഹയില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടുപിന്നാലെ പത്താമനെയും മണിക്കുറുകള്‍ക്കുള്ളില്‍ പതിനൊന്നാമനും പുറത്തുവന്നു. രക്ഷപ്പെടുത്തിയ കുട്ടികളുടെ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കുട്ടികളുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളാണ് ജൂണ്‍ 23നാണ് കുട്ടികള്‍ ഗുഹയില്‍ പെട്ടത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രക്ഷാതേടിയാണ് ഇവര്‍ ഗുഹയില്‍ പ്രവേശിച്ചത്. എന്നാല്‍ ഗുഹയില്‍ വെള്ളം നിറഞ്ഞതോടെ ഇവര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. പത്തു ദിവസത്തോളം നീണ്ട തെരച്ചിലിലാണ് കുട്ടികള്‍ ഗുഹയില്‍ ഉണ്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മൂന്നു ഘട്ടങ്ങളായാണ് ഇതിനകം രക്ഷാപ്രവര്‍ത്തനം നടന്നത്. ആദ്യഘട്ടത്തില്‍ ഞായറാഴ്ച നാലു കുട്ടികളെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. തിങ്കളാഴ്ചയും നാലു കുട്ടികളെയും പുറത്തെത്തിച്ചു.
ആദ്യ രണ്ട് ഘട്ടങ്ങളെക്കാള്‍ സുദീര്‍ഘമായിരിക്കും മൂന്നാമത്തെ ഘട്ടമെന്ന് ചിയാങ് റായി ഗവര്‍ണര്‍ നരോങ്സാക് ഒസാതനകോണ് പറഞ്ഞു. ആദ്യ ദൗത്യം 11 മണിക്കൂറാണ് നീണ്ടുനിന്നത്. 19 മുങ്ങല്‍ വിദഗ്ധരാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.






