
ദുബായ് : ഭാര്യ തന്നെ ചതിക്കുകയാണോ എന്ന സംശയത്തെ തുടര്‍ന്നാണ് പര്‍ദ ധരിച്ച് അവളെ പിന്തുടര്ന്നതെന്ന് ഇന്ത്യക്കാരന്. ആള്‍മാറാട്ട കേസ് കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് 37 കാരനായ ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അവളെ വേഷം മാറി പിന്തുടര്‍ന്നതെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ദുബായ് കോടതിയില്‍ ഇയാള്‍ പറഞ്ഞു.
ഭാര്യയുടെ ദുര്‍നടപ്പ് കയ്യോടെ പിടികൂടാനാണ് ഇത്തരത്തില്‍ ചെയ്തത്. പോലീസ് തന്നെ പിടികൂടുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് 2000 ദിര്‍ഹം പിഴയാണ് ശിക്ഷ വിധിച്ചത്. എന്നാല്‍, ഇത് ചോദ്യം ചെയ്ത പ്രോസിക്യൂഷന് അപ്പീല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നാടുകടത്തണമെന്നുമാണ് പ്രോസിക്യൂഷന് ആവശ്യം.






