
കൊച്ചി: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍. സുഗതനു ജയിലില്‍ സത്യപ്രതിജ്‌ഞ ചെയ്യാന്‍ അനുമതി നല്‍കി ഹൈക്കോടതി.
ഇന്ന് രാവിലെ 11ന് തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സത്യപ്രതിജ്‌ഞക്ക് ക്രമീകരണം ചെയ്യാനാണ് ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍ അനുമതി നല്‍കിയത്.
കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ കഴിയുന്നതിനാല്‍ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സുഗതന് അനുമതി നല്‍കാനാവില്ലെന്ന് കോടതി വിലയിരുത്തി. എന്നാല്‍, കോടതി നിര്‍ദേശിച്ചാല്‍ ജയിലില്‍ സത്യപ്രതിജ്‌ഞക്കുള്ള സൗകര്യം ഒരുക്കാമെന്ന പ്രോസിക്യുഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ നിലപാട് കൂടി പരിഗണിച്ചാണ് കോടതി വിധി. പുറത്തിറങ്ങാന്‍ കഴിയില്ലെങ്കിലും ജനവിധി മാനിക്കപ്പെടണമെന്നും ജനാധിപത്യ പ്രക്രിയ തടസപ്പെടരുതെന്നും വിലയിരുത്തിയാണ് ഉത്തരവ്. സത്യപ്രതിജ്‌ഞാചടങ്ങിനായി തിരുവനന്തപുരം മേയര്‍ക്കും മറ്റ് ഉദ്യോഗസ്‌ഥര്‍ക്കും ജയിലിനുള്ളില്‍ പ്രവേശിക്കാമെന്ന് കോടതി വ്യക്‌തമാക്കി. അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ക്കും ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി നല്‍കണം.
രാഷ്‌ട്രീയ പ്രേരിതമായാണ് തന്നെ തടങ്കലിലാക്കിയതെന്നും 14ന് നിശ്‌ചയിച്ചിരിക്കുന്ന സത്യപ്രതിജ്‌ഞ തടയാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി സുഗതന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സത്യപ്രതിജ്‌ഞ അനുവദിച്ചില്ലെങ്കില്‍ നഗരസഭയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകാമെന്നും ഒരംഗത്തിന് സത്യപ്രതിജ്‌ഞ ചെയ്യാനാകാതെ വന്നാല്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടേക്കുമെന്ന ഹരജിക്കാരന്റെ വാദവും കോടതി കണക്കിലെടുത്തു. അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി.കൗണ്‍സിലര്‍മാര്‍ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരില്‍ സത്യപ്രതിജ്‌ഞ ചെയ്‌തത് അസാധുവാക്കി വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യണമെന്ന കോടതി ഉത്തരവിനെ ഓണ്‍ലൈന്‍ മാധ്യങ്ങള്‍ തെറ്റായി അവതരിപ്പിച്ചതായി കോടതി വിമര്‍ശിച്ചു.
അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്‌ഞ ചെയ്യാന്‍ അനുവദിച്ച കോടതി വിവിധ ദൈവങ്ങളുടെയും മറ്റും പേരിലുള്ള സത്യപ്രതിജ്‌ഞ അനുവദിച്ചില്ലെന്ന തരത്തിലായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പ്രചാരണം. ദൈവനാമത്തിലോ ദൃഢപ്രതിജ്‌ഞയോ വേണമെന്നാണ് ഭരണഘടനയില്‍ പറയുന്നതെന്ന് വിലയിരുത്തിയാണ് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കിയത്. എന്നാല്‍, തെറ്റിദ്ധരിപ്പിക്കും വിധമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനെ അവതരിപ്പിച്ചത്. എന്നാല്‍, മുഖ്യധാര മാധ്യമങ്ങള്‍ ശരിയായാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്നും കോടതി വ്യക്‌തമാക്കി.






