
തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനുള്ള അഭിമുഖത്തില്‍നിന്ന് തന്ത്രി കണ്‌ഠര് രാജീവരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അഭിമുഖത്തിനായി കണ്‌ഠര് രാജീവരെ വിളിക്കില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ണായകമായ ഈ തീരുമാനം.
ശബരിമല മേല്‍ശാന്തിമാര്‍ക്കായുള്ള അഭിമുഖം നിലവില്‍ നടന്നുവരികയാണ്. പാരമ്പര്യ കീഴ്‌വഴക്കമനുസരിച്ച് ഇന്റര്‍വ്യൂ ബോര്‍ഡില്‍ താഴമണ്‍ കുടുംബത്തില്‍ നിന്നുള്ള രണ്ടു തന്ത്രിമാര്‍ പങ്കെടുക്കേണ്ടതുണ്ട്. ഇതനുസരിച്ച് കുടുംബത്തിലെ മുതിര്‍ന്ന തന്ത്രിയായ കണ്‌ഠര് രാജീവരും അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്‌ഥാനത്തു വന്നതോടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് വിവാദമാകുമെന്ന വിലയിരുത്തലിലാണ് ദേവസ്വം ബോര്‍ഡ് നടപടി.
അതേസമയം, ശബരിമല തന്ത്രിസ്‌ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കണ്‌ഠര് രാജീവര് ദേവസ്വം ബോര്‍ഡിനു കത്ത് നല്‍കി. തനിക്കു പകരം തന്ത്രിസ്‌ഥാനത്തേക്ക് മകന്‍ കണ്‌ഠര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. അനാരോഗ്യം മൂലം തന്ത്രിസ്‌ഥാനത്തു നിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണു കത്തില്‍ ഔദ്യോഗികമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.






