
തിരുവനന്തപുരം: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരേ ബി.ജെ.പി. എന്ന തരത്തിലുള്ള പ്രചാരണം സത്യ വിരുദ്ധവും വസ്‌തുതാ വിരുദ്ധവുമാണെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്‍.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബി.ജെ.പി.
ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. സുശക്‌തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും ബി.ജെ.പി. ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ബി.ജെ.പിയുടെ സംസ്‌ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ എനിക്ക് എല്ലാ പിന്തുണയും സഹായങ്ങളും നല്‍കിയ ആളാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി. വ്യക്‌തിപരമായ അടുപ്പവും അദ്ദേഹവുമായുണ്ട്. ലക്ഷക്കണക്കിനു വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയെയും ജനറല്‍ സെക്രട്ടറിയെയും രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഏറെ ഉത്തരവാദിത്വത്തോടെമാത്രമേ സമീപിക്കൂ. ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതല ആര്‍ക്കു നല്‍കണം എന്നതു രാഷ്‌ട്രീയ വിഷയമല്ല. ബി.ജെ.പിക്ക് അക്കാര്യത്തില്‍ അഭിപ്രായം പറയുന്നതിനു പരിമിതിയുണ്ട്.
ബി.ജെ.പിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്‌തിപരമായ അഭിപ്രായംമാത്രമാണ്.
ശബരിമലയില്‍ ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര്‍ പുറത്തും എന്നതാണു നിലവിലെ അവസ്‌ഥ. അഴിമതിക്കാരായ എല്‍.ഡി.എഫ്. രാഷ്‌ട്രീയ നേതൃത്വത്തിനു സംരക്ഷണം നല്‍കുന്ന യു.ഡി.എഫ്. സര്‍ക്കാരിനെ ജനാധിപത്യരീതിയില്‍ ചെറുത്തുതോല്‍പ്പിക്കും'-അദ്ദേഹം പറഞ്ഞു.






