
കളമശ്ശേരി: കോറോഹെല്‍ത്തിനു പിന്നാലെ, കളമശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടാല്‍റോപ്പ് ഐ.ടി കമ്പനിയും പൂട്ടി. മുന്നൂറോളം ജീവനക്കാര്‍ പെരുവഴിയില്‍. കേസ് കൊടുക്കാന്‍ പോലും പറ്റാത്ത വിധം നിയമക്കുരുക്കുകള്‍ സൃഷ്‌ടിച്ച് കമ്പനി ആസൂത്രിതമായി ചതിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി. പോലീസും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും കൈമലര്‍ത്തിയതോടെ പെരുവഴിയിലായ ജീവനക്കാര്‍ സ്‌ഥാപനത്തിനു മുന്നില്‍ പ്രതിഷേധ സമരം തുടങ്ങി.
പ്രമുഖ ഐടി/എഡ്യൂടെക് കമ്പനിയായ 'ടാല്‍ റോപ്പി'ല്‍ വര്‍ഷങ്ങളായി ജോലി ചെയ്‌തിരുന്ന മുന്നൂറോളം ജീവനക്കാരാണ് പെരുവഴിയിലായത്. 2020 മുതല്‍ ജോലി ചെയ്‌തിരുന്ന തൊഴിലാളികളെ കഴിഞ്ഞ മാര്‍ച്ചിലാണു കൂട്ടത്തോടെ പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്ക് 6 മാസം മുതല്‍ 11 മാസം വരെയുള്ള ശമ്പളം ലഭിക്കാനുണ്ട്. സംസ്‌ഥാനത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പും ഈ കമ്പനിയുടെ നേതൃത്വത്തില്‍ നടന്നതായി ആരോപണമുണ്ട്. കേരളത്തിലെ വിവിധ ക്യാമ്പസുകളിലായി ഏഴോളം സ്‌ഥലങ്ങളില്‍ ടെക്കീസ് പാര്‍ക്ക് എന്ന പേരില്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കോടിക്കണക്കിന് രൂപയാണ് ഇവര്‍ നിക്ഷേപകരില്‍ നിന്നും കൈക്കലാക്കിയത്. 2 കോടി രൂപയിലധികം മുടക്കി കെട്ടിടങ്ങളും അടിസ്‌ഥാന സൗകര്യങ്ങളും പണിതുയര്‍ത്തിയ ശേഷം ഈ പ്രോജക്‌റ്റുകളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്.
ശമ്പള കുടിശികയ്‌ക്കായി ജീവനക്കാര്‍ പോലീസിനെയും ലേബര്‍ കോടതിയെയും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും സമീപിച്ചപ്പോഴാണ് കമ്പനി മുന്‍കൂട്ടി തയാറാക്കിയ ചതിയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. ജീവനക്കാരെ ഒരൊറ്റ കമ്പനിയുടെ കീഴിലല്ലാതെ, പല ഉപകമ്പനികളായി വിഭജിച്ചാണ് ടാല്‍ റോപ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇതുകൂടാതെ, ജീവനക്കാരുടെ മെച്യൂരിറ്റി പീരിയഡ് പോലും പൂര്‍ത്തിയാകാത്ത വിധത്തിലുള്ള സാങ്കേതിക കുരുക്കുകള്‍ കരാറുകളില്‍ മനഃപൂര്‍വം ഉള്‍പ്പെടുത്തിയാണ് ഇവരെ ജോലിക്ക് എടുത്തിരുന്നത്. ഇതുമൂലം ജീവനക്കാര്‍ക്ക് നിയമപരമായി മുന്നോട്ടുപോകുന്നതിനും തടസങ്ങള്‍ നേരിടുകയാണ്.
പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂലമായ നീക്കങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു. തൊഴിലാളികളുടെ ശമ്പളവും നിക്ഷേപകരുടെ കോടികളും തട്ടിയെടുത്ത്, മറ്റൊരു പേരില്‍ പുതിയ കമ്പനി ആരംഭിച്ച് വീണ്ടും തട്ടിപ്പ് നടത്താനാണ് നിലവില്‍ ഉടമകള്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഫോണ്‍ കോളുകളോ മറ്റ് ആശയവിനിമയങ്ങളോ മാനേജ്‌മെന്റ് സ്വീകരിക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.






