
കൊച്ചി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നാലു ജില്ലകളിലെ സ്‌കൂള്‍-കോളജ് വാഹന ഡ്രൈവര്‍മാരില്‍ വ്യാപക പരിശോധന നടത്തി. 29 പേര്‍ക്കെതിരേ നടപടി. എറണാകുളം റേഞ്ച് തലത്തില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂള്‍-കോളജ് ബസുകളുടെയും മറ്റ് വിദ്യാര്‍ഥി വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയാണ് പോലീസ് പരിശോധിച്ചത്. 1,231 വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ 3,333 ഡ്രൈവര്‍മാര്‍ പരിശോധനയ്‌ക്കു വിധേയരായി.
എറണാകുളം റൂറല്‍ ജില്ലയില്‍ 373 സ്‌കൂളുകളിലെ 1,162 ഡ്രൈവര്‍മാരെ പരിശോധിച്ചു. ഇതില്‍ ഏഴുപേര്‍ മദ്യപിച്ചതായി കണ്ടെത്തി. ആലപ്പുഴ ജില്ലയില്‍ 244 സ്‌കൂളുകളിലെ 634 ഡ്രൈവര്‍മാരെയാണു പരിശോധിച്ചത്. ഇതില്‍ ഒമ്പതുപേര്‍ മദ്യപിച്ചിരുന്നു. കോട്ടയം ജില്ലയില്‍ 311 സ്‌കൂളുകളിലെ 688ഡ്രൈ വര്‍മാരെ പരിശോധിച്ചതില്‍ ആറുപേരെയാണ് മദ്യപിച്ചതായി കണ്ടെത്തിയത്. ഇടുക്കി ജില്ലയില്‍ 303 സ്‌കൂളുകളിലെ 849 ഡ്രൈവര്‍മാരെ പരിശോധിച്ചപ്പോള്‍ ഏഴുപേര്‍ മദ്യപിച്ചതായി കണ്ടെത്തി. നാല് ജില്ലകളില്‍ നിന്നായുള്ള ഈ 29 പേര്‍ക്കെതിരേയാണ് മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടികള്‍ സ്വീകരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയ ഡ്രൈവര്‍മാരെ ജോലിയില്‍നിന്നു നീക്കംചെയ്യാനുള്ള നടപടി യെടുക്കാന്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി: യതീഷ് ചന്ദ്ര പറഞ്ഞു.






