
ന്യുഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു ഹൃദയഭേദകമായ ഈ സംഭവം നടന്നത്. എട്ട്, നാല്, രണ്ട് പ്രായത്തിലുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങളുമായി ഡല്‍ഹിയിലെ ഒരു ആശുപത്രിയിലേക്ക് യുവതി എത്തി. പരിശോധന നടത്തിയ ഡോക്ടര്‍ കുട്ടികള്‍ മരിച്ചു പോയെന്ന് സ്ത്രീയോട് പറഞ്ഞു. എങ്ങിനെയാണ് കുട്ടികള്‍ മരിച്ചതെന്ന് ചോദിച്ച പോലീസിനോട് 'എനിക്ക് കഴിക്കാന്‍ വല്ലതും തരൂ' എന്ന് പിറുപിറുത്ത് തൊട്ടടുത്ത് മാതാവ് കുഴഞ്ഞു വീണു.
ഡല്‍ഹിയില്‍ നടന്ന പട്ടിണി മരണത്തില്‍ കുട്ടികള്‍ ആഹാരം കഴിച്ചിട്ട് ആറോ ഏഴോ ദിവസമായി എന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ച ഭക്ഷണമില്ലാതെ കിടന്നാകാം കുട്ടികള്‍ മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. 15 വര്‍ഷത്തെ തന്റെ തൊഴില്‍ജീവിതത്തില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമാന്നെന്നാണ് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. രാജ്യത്ത് തന്നെ രണ്ടാമത് ഉയര്‍ന്ന പ്രതിഫലം കിട്ടുന്ന സ്ഥലത്ത് പട്ടിണി മരണം ഉണ്ടായ സംഭവം പുതിയ രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കുകയാണ്.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ പരസ്പര ആരോപണവുമായി രംഗത്ത വന്നിട്ടുണ്ട്. സംഭവത്തില്‍ കുഞ്ഞുങ്ങളുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് വിധേമാക്കുമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ആംആദ്മിപാര്‍ട്ടി പറഞ്ഞു. ബംഗാളില്‍ നിന്നും പിതാവിന്റെ ഒരു കൂട്ടുകാരനാണ് കുടുംബത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. റിക്ഷാ ക്കാരനായ പിതാവ് മുങ്ങിയിരിക്കുകയാണ്. ഇയാള്‍ പുതിയ ജോലി അന്വേഷിച്ചു പോയിരിക്കുക ആണെന്നും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചുവരുമെന്നും ചില അയല്‍ക്കാര്‍ പറഞ്ഞു.
തന്റെ റിക്ഷാ മോഷണം പോയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പുതിയ ജോലി തേടേണ്ടി വന്നതെന്നും പറഞ്ഞു. കുട്ടികളുടെ മാതാവിന് മാനസീക വിഭ്രാന്തി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഏതാനും ദിവസമായി ഇളയവരായ രണ്ടു കുട്ടികള്‍ക്ക് അസുഖമായിരുന്നു. കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. സ്കൂളില്‍ പോയിരുന്ന മൂത്ത കുട്ടി ഉച്ചഭക്ഷണം കൊണ്ടുവന്ന് കൊടുത്തതില്‍ നിന്നുമായിരുന്നോ അസുഖം പിടിപെട്ടതെന്ന് സംശയം ഉയരുന്നുണ്ട്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും വയറിളക്കത്തിനുള്ള മരുന്നുകുപ്പി ഫോറന്‍സിക് വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ വീട് സന്ദര്‍ശിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഒന്നാകെ പാളിപ്പോയതാണ് ഇതില്‍ നിന്നും മനസ്സിലാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കിഴിവോട് കൂടി ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുമ്പോള്‍ അത് പൗരന്മാര്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ സര്‍ക്കര്‍ പരാജയപ്പെട്ടെന്നും ഇത് നാണക്കേടാണെന്നും രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ബിജെപി പറയുന്നു. റേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ തടഞ്ഞുവെച്ചിട്ട് കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു എന്നാണ് ആംആദ്മിപാര്‍ട്ടിയുടെ ആരോപണം.






