
ലോകകപ്പ് ക്രിക്കറ്റിന്റെ ഡ്രസ് റിഹേഴ്സലുകള്‍ക്കായി ഇംഗ്ളണ്ടില്‍ പര്യടനത്തിന് എത്തിയിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇരുത്തി ചിന്തിപ്പിക്കുന്ന വിഷയമായി കീപ്പര്‍ ബാറ്റ്സ്മാന് വേണ്ടിയുള്ള തെരയല്‍ മാറുന്നു. ലോകത്തെ ഒന്നാന്തരം കീപ്പര്ബാറ്റ്സ്മാന്മാരില് മുന്നിലുള്ള മഹേന്ദ്ര സിംഗ് ധോനി ടെസ്റ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ലോകകപ്പ കൂടി കഴിഞ്ഞ് അദ്ദേഹം പൂര്‍ണ്ണമായും വിരമിച്ചാല്‍ ടീം ഇന്ത്യയ്ക്ക് മികച്ച ഒരു പിന്‍ഗാമിയെ കണ്ടെത്താന്‍ ഇന്ത്യയുടെ വിവിധ പരിശീലകരാണ് സേര്‍ച്ചില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ധോനിയുടെ പിന്‍ഗാമിക്കായുള്ള അന്വേഷണം നിലവില്‍ എത്തി നില്‍ക്കുന്നത് ദിനേശ് കാര്‍ത്തിക്കിലാണ്. എന്നാല്‍ കാര്‍ത്തിക് ഇനിയും ഏറെ തെളിയിക്കാനുണ്ട് എന്നതാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വിക്കറ്റിന് പിന്നില്‍ എത്തിയതിന് തൊട്ടു പിന്നാലെ കീപ്പര്‍ എന്ന നിലയിലും ബാറ്റ്സ്മാന് എന്ന നിലയിലും അസാധാരണ വേഗതയില്‍ ധോനി ഉയര്‍ന്നു വന്നതോടെ 2007 ല്‍ അവതരിച്ച ദിനേശ് കാര്‍ത്തിക്കിന് പലപ്പോഴും ഓപ്പണര്‍ എന്ന പദവി മാത്രമായി. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അധികം അവസരം കിട്ടാതെ പോയ കാര്‍ത്തിക് കളിച്ചത് വെറും 11 ടെസ്റ്റുകള്‍ മാത്രം.
പുതിയതായി എത്തിയ വൃദ്ധിമാന്‍ സാഹയും ഋഷഭ് പന്തും തെല്ലൊന്നുമല്ല ദിനേശ് കാര്‍ത്തിക്കിന് ഭീഷണി ഉയര്‍ത്തുന്നത്. ബാറ്റ്സ്മാന് എന്ന നിലയിലാണ് ദിനേശ് കാര്‍ത്തിക്ക് ഇന്ത്യയ്ക്കായി ഏറെ കളിച്ചിട്ടുള്ളത്. 2014 ല്‍ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റിന് ശേഷം പെട്ടെന്ന് ധോനി അഞ്ചുദിന മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ കീപ്പറെ തേടുകയാണ് ഇന്ത്യ. പാര്‍ത്ഥിവ് പട്ടേല്‍ ഗുജറാത്തിന്റെ വിക്കറ്റ് കീപ്പറായി സ്റ്റംപിന് പിന്നില്‍ എത്തിയതോടെ 21 കാരന് സ്മിത്ത് പട്ടേലിന് മറ്റൊരു സംസ്ഥാനത്തേക്ക് പോകേണ്ട ഗതികേടിലാണ്.
ധോനിയുടെ മികവില്‍ മുരടിച്ചു പോയ മറ്റൊരാളാണ് വൃദ്ധിമാന്‍ സാഹ. 20 വയസ്സുള്ള യുവതാരം ഋഷഭ് പന്താണ് മറ്റൊരു ചോയ്സ് എങ്കിലും സമയമായില്ലെന്നാണ് മൂന്ന് വര്‍ഷമായി പന്തിന്റെ വളര്‍ച്ച നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അണ്ടര്‍ 19 കോച്ച് ദ്രാവിഡിന്റെയും ഫീല്‍ഡിംഗ് കോച്ച് അഭയ് ശര്‍മ്മയുടെയും നിലപാട്. ബാറ്റ്സ്മാന് എന്ന നിലയില്‍ പന്ത് മുതല്‍കൂട്ടാണെങ്കിലും കീപ്പറായി ഇനിയും മൂര്‍ച്ച കൂട്ടാനുണ്ട്. ഇഷാന് കിഷനും സഞ്ജു സാംസണുമാണ് ഈ ക്യൂവിലുള്ള മറ്റ് രണ്ടുപേര്‍. വേണ്ട സമയത്ത് മതി പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ എന്നതാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വിക്കറ്റ് കീപ്പര്‍മാരെ രൂപപ്പെടുത്തുന്ന മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയുടെയും അഭിപ്രായം.






