
വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ബാറ്റിംഗിന്റെ മറ്റൊരു റെക്കോഡ് കൂടി പേരിലാക്കി. ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിച്ച താരം. 476 സിക്സറുകളുമായി പാകിസ്താന്റെ ഷഹീദ് അഫ്രീദിയ്ക്കൊപ്പമായി താരം. ബംഗ്ളാദേശിനെതിരേ മൂന്നാം ഏകദിനത്തില്‍ അഞ്ചു സിക്സറുകള്‍ അടിച്ചതോടെയാണ് ഗെയ്ല് പാക് താരത്തിനൊപ്പം സിക്സറുകളുടെ നേട്ടം പങ്കുവെച്ചത്.
സെന്റ് കിറ്റ്സിലെ വാര്‍ണര്‍ പാര്‍ക്കിലായിരുന്നു ഗെയ്ലിന്റെ വെടിക്കെട്ട്. 66 പന്തുകളില്‍ 73 റണ്‍സായിരുന്നു ഗെയില്‍ നേടിയത്. വെറും 443 മത്സരങ്ങളില്‍ നിന്നുമാണ് ഗെയ്ല് ഈ നേട്ടം ഉണ്ടാക്കിയത്. പക്ഷേ അഫ്രീദിക്ക് 524 മത്സരങ്ങള്‍ വേണ്ടി വന്നു. ഗെയിലിന്റെ കൂറ്റനടികളുടെ ബലത്തില്‍ വിന്‍ഡീസ് 2-1 ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. അതേസമയം ആഗസ്റ്റ് 1 മുതല്‍ തുടങ്ങുന്ന ട്വന്റി20 മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ ഗെയ്ല് അഫ്രീദിയെ പിന്നിലാക്കാന്‍ കഴിയും.
അന്താരാഷ്ട്ര മത്സരങ്ങളില്‍ അഫ്രീദി ഏകദിനത്തില്‍ 351 സിക്സറുകളും ടി 20 യില്‍ 73 സിക്സറുകളും ടെസ്റ്റില്‍ 52 സിക്സറുകളുമാണ് അടിച്ചിട്ടുള്ളത്. ഗെയ്ല് ഏകദിനത്തില്‍ 275 സിക്സറുകളും ട്വന്റി20 യില്‍ 103 സിക്സറുകളും ടെസ്റ്റില്‍ 98 സിക്സറുകളും നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിക്സറടിച്ചവരുടെ പട്ടികയില്‍ ഇന്ത്യയുടെ മൂന് നായകന് ധോനി 504 മത്സരങ്ങളില്‍ നിന്നും 342 സിക്സറുകളുമായി അഞ്ചാം സ്ഥാനത്തുണ്ട്.


