
ന്യുഡല്‍ഹി: ഫാ.റോബിന് വടക്കുംഞ്ചേരി പ്രതിയായ പീഡനക്കേസില്‍ കൂട്ടുപ്രതികളായ മൂന്നു പേരെ സുപ്രീം കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഫാ.തോമസ് ജോസഫ് തേരകം വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. സിസ്റ്റര്‍ ബെറ്റി ജോസഫും വിചാരണ നേരിടണം. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനാണ് ഫാ.തേരകം. സംഭവ സമയത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായിരുന്നു സി.ബെറ്റി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ഹര്‍ജി കോടതി തള്ളി.
സി.ടെസി, ആന്‍സി മാത്യൂ, ഡോ.ഹൈദരലി എന്നിവരെയാണ് വിചാരണയില്‍ നിന്ന് കോടതി ഒഴിവാക്കിയത്. ഇവര്‍ക്കെതിരെ തെളിവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാരാണ് ഇവര്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാ.റോബിനും മറ്റ് ഒമ്പത് പ്രതികള്‍ക്കുമെതിരായ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കേയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്നു പ്രതികളെ ഒഴിവാക്കിയതോടെ ഏഴ് പേരാണ് ഇനി വിചാരണ നേരിടേണ്ടിവരുന്നത്. പ്രതി റോബിനെ രക്ഷപ്പെടാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചതിനാണ് മറ്റു പ്രതികള്‍ വിചാരണ നേരിടുന്നത്.






