
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ലീഗിന്റെ പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യജയം. ലെസ്റ്റര്‍സിറ്റിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും പോള്‍ പോഗ്ബയും 83 ാം മിനിറ്റില്‍ ഷായും ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി സമയത്ത് ഒരു ഗോള്‍ തിരിച്ചടിച്ച് ജാമി വാര്‍ഡി ലെസ്റ്ററിനായി ഒരു ഗോള്‍ മടക്കുകയും ചെയ്തു.
പരിശീലകന് മൊറീഞ്ഞയുമായുള്ള വഴക്കിനെ തുടര്‍ന്ന് ബാഴ്സിലോണയിലേക്ക് പോകുന്നു എന്ന വാര്‍ത്ത പരത്തിയ ഫ്രഞ്ച് താരം പോള്‍ പോഗ്ബ ലോകകപ്പില്‍ നിര്‍ത്തിയിടത്തു നിന്നും തുടങ്ങുന്നത് പോലെയായിരുന്നു പ്രകടനം. ചിലിയന്‍ താരം അലക്സിസ് സാഞ്ചസിന്റെ ഷോട്ട് ദാനിയേല്‍ അമാര്ത്തിയുടെ കയ്യില്‍ തട്ടിയതിന് കിട്ടിയ പെനാല്‍റ്റി പോഗ്ബ പിഴവ് കൂടാതെ വലയില്‍ എത്തിക്കുകയായിരുന്നു. ഒരു ഗോള്‍ ലീഡുമായി ഇടയ്ക്ക് കയറിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം പകുതിയില്‍ ലൂക്ക് ഷോയിലൂടെ വീണ്ടും സ്കോര്‍ ചെയ്തു. യുവാന്‍ മാട്ടയുടെ പാസാണ് ഷാ വലയില്‍ എത്തിച്ചത്. ജയം ഉറപ്പിച്ചതോടെ അലസമായ മാഞ്ചസ്റ്ററിന് കളിയുടെ ഇഞ്ചുറി സമയത്തായിരുന്നു ലെസ്റ്റര്‍ സിറ്റി ഒരു ഗോള്‍ മടക്കിയത്.
പകരക്കാരനായി കളത്തിലേക്ക് വന്ന ജാമി വാര്‍ഡിയായിരുന്നു സ്കോറര്‍. പോഗ്ബയുമായി ഉടക്കിലാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇന്നലത്തെ ജയത്തില്‍ ഫ്രഞ്ച് താരത്തെ അഭിനന്ദിക്കാന്‍ യുണൈറ്റഡ് പരിശീലകന് ജോസ് മൊറിഞ്ഞോ ഒട്ടും പിശുക്ക് കാട്ടിയില്ല. കളിയില്‍ പോഗ്ബയുടെ സംഭാവന ഏറെ നിര്‍ണ്ണായകമായി എന്നായിരുന്നു കളി കഴിഞ്ഞുള്ള മൊറീഞ്ഞോ പറഞ്ഞത്. യൂറോപ്യന്‍ ലീഗുകളില്‍ വാറിന്റെ സഹായമില്ലാതെ നടക്കുന്ന ഏക ലീഗാണ് പ്രീമിയര്‍ ലീഗ്.



