തിരുവനന്തപുരം: അസ്മിത ഖേലോ ഇന്ത്യ വിമെന്‍സ് ലീഗ് സൗത്ത് സോണ്‍ ട്രാക്ക് സൈക്ലിങ് മത്സരങ്ങള്‍ കാര്യവട്ടം എല്‍.എന്‍.സി.പി.ഇ. വെലോഡ്രോമില്‍ ആരംഭിച്ചു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സൈക്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ, കേരള സൈക്ലിങ് അസോസിയേഷന് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പാള്‍ ഡോ. പ്രദീപ് ദത്ത ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസത്തെ ദിനത്തിലെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ കേരള താരങ്ങള്‍ വ്യക്തമായ മേല്‍ക്കൈ നേടി. അണ്ടര്‍ 16, അണ്ടര്‍ 18, വുമണ്‍ എലൈറ്റ് വിഭാഗങ്ങളിലായി മാസ് സ്റ്റാര്‍ട്ട്, സാക്രാച്ച് റേസ്, ടൈം ട്രയല്‍, വ്യക്തിഗത പര്‍സ്യൂട്ട് മത്സരങ്ങളാണു നടന്നത്. ഇന്ത്യന്‍ നിര്‍മ്മിത സൈക്കിളുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഓരോ ഇനത്തിലും പ്രത്യേക മത്സരങ്ങള്‍ നടത്തുന്നുണ്ട്.
ഗായത്രി, അഖില അനില്‍, മിധു ടി. അരുണ്‍, നവ്യ എം. വിനോദ്, വൈഷ്ണവി സി.ജെ, അനക്സിയ മറിയ തോമസ്, സഞ്ജന വി.എസ് എന്നീ കേരള താരങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. അണ്ടര്‍ 16 വിഭാഗത്തില്‍ തമിഴ്നാട് താരങ്ങള്‍ മുന്നിട്ടുനിന്നു. വിജയികളാകുന്നവര്‍ ഈ മാസം അവസാനം ഉത്തരാഖണ്ഡില്‍ നടക്കുന്ന അസ്മിത ഖേലോ ഇന്ത്യ ദേശീയ സൈക്ലിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.



