ഗുവാഹാത്തി: ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന്റെ അപരാജിത കുതിപ്പ്. നാല് കളികളില്‍ നാലും ജയിച്ച് എട്ട് പോയിന്റുമായാണ് 19-ാം സീസണില്‍ അവര്‍ മുന്നേറുന്നത്്.
രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സ് നാല് കളികളില്‍നിന്ന് ഏഴ് പോയിന്റ് നേടി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചതോടെയാണു രാജസ്ഥാന് ഒന്നാം സ്ഥാനം ഉറപ്പാക്കിയത്. ഗുവാഹാത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്.സി.ബി. എട്ട് വിക്കറ്റിന് 201 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത രാജസ്ഥാന് കളി തീരാന്‍ 12 പന്തുകള്‍ ശേഷിക്കേയാണു വിജയ റണ്ണെടുത്തത്. മഴ മൂലം ഒരു മണിക്കൂര്‍ വൈകിയാണു മത്സരം തുടങ്ങിയത്.
ആര്.സി.ബിയുടെ 201 റണ്‍ പിന്തുടര്‍ന്ന രാജസ്ഥാനായി ഓപ്പണര്‍ വൈഭവ് സൂര്യവംശി (26 പന്തില്‍ ഏഴ് സിക്സറും എട്ട് ഫോറുമടക്കം 78), ധ്രുവ് ജൂറല്‍ (43 പന്തില്‍ മൂന്ന് സിക്സറും എട്ട് ഫോറുമടക്കം പുറത്താകാതെ 81) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ (എട്ട് പന്തില്‍ രണ്ട് സിക്സറടക്കം 13) തുടക്കത്തിലേ നഷ്ടപ്പെട്ട രാജസ്ഥാനു വേണ്ടി വൈഭവും ജൂറലും ചേര്‍ന്നു തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 18 പന്തില്‍ 50 കടന്നു. 15 പന്തിലാണു സൂര്യവംശി 50 കടന്നത്്. വൈഭവിനെയും ഷിംറോണ്‍ ഹിറ്റ്മീറിനെയും (0) ക്രുനാല്‍ പാണ്ഡ്യ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത് രാജസ്ഥാന് ആശങ്കയായിരുന്നു. നായകന് റിയാന്‍ പരാഗും (അഞ്ച് പന്തില്‍ മൂന്ന്) അനാവശ്യ ഷോട്ടിനു ശ്രമിച്ച് ജോഷ് ഹാസില്വുഡിനു വിക്കറ്റ് സമ്മാനിച്ചു. ധ്രുവ് ജൂറലും രവീന്ദ്ര ജഡേജയും (25 പന്തില്‍ 24) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.



