ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ് 19-ാം സീസണിലെ ആദ്യ സെഞ്ചുറി മലയാളി താരം സഞ്‌ജു സാംസണിന്റെ വക. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സ്വന്തം തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണു സഞ്‌ജു സെഞ്ചുറിയടിച്ചത്‌്. ടോസ് നേടിയ ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേല്‍ സൂപ്പര്‍ കിങ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്‌ജു തകര്‍ത്തു കളിച്ച (56 പന്തില്‍ നാല് സിക്‌സറും 15 ഫോറുമടക്കം പുറത്താകാതെ 115) മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് വിക്കറ്റിന് 212 റണ്ണെടുത്തു. നായകനും ഓപ്പണറുമായ ഋതുരാജ് ഗെയ്‌ക്വാദ് (18 പന്തില്‍ 15), ആയുഷ് എംഹാത്രെ (36 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 59, റിട്ടയേഡ് ഔട്ട്) എന്നിവരാണു പുറത്തായത്. ശിവം ദുബെയാണ് (10 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 20) സഞ്‌ജുവിനൊപ്പമുണ്ടായിരുന്നത്.
26 പന്തില്‍ 50 കടന്ന മലയാളി താരം 52 പന്തിലാണ് സീസണിലെ ആദ്യ സെഞ്ചുറിയടിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ താരം ഉജ്വല തിരിച്ചുവരവ് നടത്തി. അക്വിബ് നബി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഫോറോടെയാണ് സഞ്‌ജു തുടങ്ങിയത്.
ഓവറില്‍ എട്ട് റണ്‍ നേടി. പിന്നാലെ മുകേഷ് കുമാര്‍ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളും സഞ്‌ജു അതിര്‍ത്തി. തുടര്‍ന്നുള്ള രണ്ട് ഓവറുകളിലും മലയാളി താരം ഫോറുകളുമായി കളം നിറഞ്ഞു.
ടീം സ്‌കോര്‍ നാലോവറില്‍ 40 ലെത്തി. അതില്‍ 30 റണ്ണും സഞ്‌ജുവിന്റെ വകയായിരുന്നു. പവര്‍പ്ലേയിലെ ശേഷിക്കുന്ന രണ്ടോവറുകളിലും താരം വെടിക്കെട്ട് തുടര്‍ന്നു. പതിവില്‍നിന്നു വ്യത്യസ്‌തമായി കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ നിലംപറ്റെയുള്ള ഫോറുകളിലൂടെയാണു സഞ്‌ജു റണ്ണുയര്‍ത്തിയത്.
ഒന്‍പതാം ഓവറില്‍ സഞ്‌ജു ഒരു സിക്‌സര്‍ പോലുമടിക്കാതെ അര്‍ധ സെഞ്ചുറിയിലെത്തി. ഗെയ്‌ക്വാദിനെ അക്ഷര്‍ പട്ടേല്‍ പാതും നിസങ്കയുടെ കൈയിലെത്തിച്ചതു സഞ്‌ജുവിനെ ബാധിച്ചില്ല. ആയുഷ് എംഹാത്രെ കൂട്ടായെത്തിയത് താരത്തിന്റെ ആവേശം വര്‍ധിപ്പിച്ചു. ട്രാക്ക് മാറ്റിയ സഞ്‌ജു ബൗളര്‍മാരെ പലതവണ അതിര്‍ത്തി കടത്തി.
11-ാം ഓവറില്‍ ടീം സ്‌കോര്‍ നൂറിലെത്തി. എംഹാത്രെയുമായി ചേര്‍ന്ന് സഞ്‌ജു തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി. 12-ാം ഓവറില്‍ 16 റണ്ണും 13-ാം ഓവറില്‍ 11 റണ്ണുമാണു പിറന്നത്. എംഹാത്രെയെ ഒരുവശത്തു നിര്‍ത്തി സഞ്‌ജു സ്‌കോറുയര്‍ത്തി. 17-ാം ഓവര്‍ തുടങ്ങുമ്പോള്‍ ചെന്നൈ ഒന്നിന് 168 എന്ന നിലയിലായിരുന്നു. 18-ാം ഓവറില്‍ കാത്തിരുന്ന സെഞ്ചുറിയുമെത്തി. രാജസ്‌ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്‌ജുവിന് കളിച്ച മൂന്ന് മത്സരത്തിലും ഫോമിലെത്താനായില്ല. പഴയ ക്ലബ് രാജസ്‌ഥാനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്ണും പഞ്ചാബ് കിങ്‌സിനെതിരേ ഏഴ് റണ്ണുമാണെടുത്തത്. ആര്‍.സി.ബിക്കെതിരേ ഒന്‍പത് റണ്ണുമായി മടങ്ങി.


