ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം. മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്‌്.സിയെ അവരുടെ തട്ടകത്തില്‍ 2-1 നാണു ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിലായ ശേഷം ശക്‌തമായി തിരിച്ചടിച്ചാണു ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ ഈസ്‌റ്റ് ബംഗാള്‍ 3-1 നു ചെന്നൈയിന്‍ എഫ്.സിയെയും തോല്‍പ്പിച്ചു. ബംഗളുരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ ആദ്യം വീണത് സെല്‍ഫ് ഗോളാണ്. 27-ാം മിനിറ്റില്‍ ഫല്ലോ എന്‍ഡിയായെുടെ സെല്‍ഫ് ഗോളിലൂടെ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. 33-ാം മിനിറ്റില്‍ ബ്രയാന്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതു നിര്‍ണായകമായി. മൈതാനത്തെ തര്‍ക്കത്തിനിടെ കൈ വീശിയതിനാണ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ടത്.
പത്തുപേരുമായി ചുരുങ്ങിയ ബംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് പതിയെ കളം പിടിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണാത്മകമായ 60-ാം മിനിറ്റില്‍ എബിദാസ് യേശുദാസിന്റെ പാസില്‍ നിന്നും വിക്‌ടര്‍ ബെര്‍ട്ടോമിയു സമനില ഗോളടിച്ചു. പുതിയ ഹെഡ് കോച്ച് ആഷ്‌ലി വെസ്‌റ്റ്വുഡിന് കീഴില്‍ ടീം നേടുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. സമനിലയായതോടെ ആത്മവിശ്വാസം വര്‍ധിച്ച ബ്ലാസേ്‌റ്റഴ്‌സ് ലീഡിനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. 78-ാം മിനിറ്റില്‍ അര്‍ജന്റീനക്കാരന്‍ ഫ്രാന്‍സിസ്‌കോ അബാലോ (ഫ്രാഞ്ചു) ടീമിന്റെ വിജയ ഗോളുമടിച്ചു. കഴിഞ്ഞ ദിവസമാനു ഫ്രാഞ്ചു ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായത്. പ്രതിരോധ താരങ്ങളെ വെട്ടിച്ച് കയറി പോസ്‌റ്റിന്റെ മൂലയിലേക്ക് പായിച്ച ഷോട്ട് ലക്ഷ്യം കണ്ടതോടെ ബ്ലാസേ്‌റ്റഴ്‌സ് ലീഡെടുത്തു. അവസാന നിമിഷങ്ങളില്‍ സമനിലയ്‌ക്കായി ബംഗളൂരു ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ അര്‍ഷ് ഷെയ്‌ഖിന്റെ തകര്‍പ്പന്‍ സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം ഉറപ്പിച്ചു.
എട്ട് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് 13-ാം സ്‌ഥാനത്തു തുടരുകയാണ്. 14 പോയിന്റുള്ള ബംഗളുരു നാലാം സ്‌ഥാനത്താണ്‌്. ചെന്നൈയിന്‍ എഫ്.സിക്കെതിരേ ഈസ്‌റ്റ് ബംഗാളിനായി എഡ്‌മുണ്ട് ലാല്‍റിന്തിക, ബിപിന്‍ സിങ്, നന്ദകുമാര്‍ സേകര്‍ എന്നിവര്‍ ഗോളടിച്ചു. ചെന്നൈയിനായി ഇര്‍ഫാന്‍ യാദ്‌വാഡാണു ഗോളടിച്ചത്. ഏഴ് കളികളില്‍നിന്നു 14 പോയിന്റുള്ള ഈസ്‌റ്റ് ബംഗാള്‍ അഞ്ചാമതും അഞ്ച് പോയിന്റുള്ള ചെന്നൈയിന്‍ 12-ാം സ്‌ഥാനത്തുമാണ്.


