
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ നായകന് അജിത് വഡേക്കര്‍ പിതൃതുല്യനാണ് മനുഷ്യനെന്ന് അനുസ്മരിച്ച് ഇന്ത്യയുടെ മുന്‍ നായകന്മാരായ മുഹമ്മദ് അസ്ഹറുദ്ദീനും അനില്‍ കുംബ്ളേയും. പാതി വഴി നിലച്ചുപോകേണ്ടിയിരുന്ന തങ്ങളുടെ കരിയറിനെ ഏറെ ആദരിക്കപ്പെടുന്ന നിലയിലേക്ക് മാറാന്‍ കാരണമായത് അജിത് വഡേക്കറാണെന്ന ഇരുവരും അനുസ്മരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അജിത് വഡേക്കര്‍ ബുധനാഴ്ച മുംബൈയിലെ ജസ്ളോക് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.
1993 മുതല്‍ 1996 വരെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കുള്ള സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള അജിത് വഡേക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ചീഫ് സെലക്ടറായും സേവനം ചെയ്തിട്ടുണ്ട്. 1971 ല്‍ വെസ്റ്റിന്‍ഡീസിനെയും ഇംഗ്ളണ്ടിനെയും തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന്റെ നായകന് അദ്ദേഹമായിരുന്നു.
പിതൃതുല്യമായിട്ടാണ് അസ്ഹറുദ്ദീനും കുംബ്ളേയും അജിത് വഡേക്കറിനെ ഓര്‍ക്കുന്നത്. മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അസ്ഹര്‍ ട്വീറ്റ് ചെയ്തു. ന്യൂസിലന്റ്, ഇംഗ്ളണ്ട്, ഓസ്ട്രേലിയ പരമ്പരകള്‍ തോറ്റ് പ്രയാസപ്പെട്ട് നിന്ന അസ്ഹറുദ്ദീന് വീണ്ടും നായക സ്ഥാനം കിട്ടിയത് അജിത് വഡേക്കര്‍ ടീമിന്റെ പരിശീലകനായിരുന്ന കാലത്തായിരുന്നു. 1990 ല്‍ ഇംഗ്ളണ്ട് പര്യടനത്തിന് പിന്നാലെ ടീമില്‍ നിന്നും പുറത്തായ കുംബ്ളേയ്ക്ക് വീണ്ടും ടീമില്‍ അവസരം നേടിക്കൊടുത്തത് വഡേക്കര്‍ പരിശീലകനായിരുന്ന കാലത്താണ്. പിന്നീട് 2008 ല്‍ വിരമിക്കുന്നത് വരെ ടീമിന്റെ നിര്‍ണ്ണായക ഘടകങ്ങളില്‍ ഒരാളായി കുംബ്ളേ മാറുകയും ചെയ്തു.
ഒരു പരിശീലകന് എന്നതിന് അപ്പുറത്തായിരുന്നു ടീമില്‍ അദ്ദേഹം എല്ലാവര്‍ക്കുമെന്നും കുംബ്ളേ അനുസ്മരിച്ചു. കളിക്കളത്തിലെ തന്ത്രശാലി കൂടിയായ അദ്ദേഹത്തിന് കീഴില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ പെടുന്ന സുനില്‍ ഗവാസ്ക്കറും ബിഷന്‍സിംഗ് ബേദിയും കളിച്ചിട്ടുണ്ട്.






