
തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന കേരളത്തിന് ലോകത്തിന്റെ നാനാഭാഗങ്ങളിലായി സഹായഹസ്തം ഉയരുകയാണ്. എട്ടു ലക്ഷത്തോളം പേരാണ് സംസ്ഥാനത്തിന്റെ വിവിധ ക്യാമ്പുകളിലായി വെള്ളവും ഭക്ഷണവും അവശ്യ വസ്തുക്കളും പ്രതീക്ഷിച്ച് ദിവസങ്ങളായി തുടരുന്നത്. അതിനിടെയാണ് ദുരിതബാധിര്‍ക്കായി എത്തിച്ച അവശ്യ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഓഫീസ് നല്‍കാതെ ബാര്‍ അസോസിയേഷന്റെ ധാര്‍ഷ്ട്യം.
കളക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിട്ടും ബാര്‍ അസോസിയേഷന് ഹാള്‍ തുറന്നു നല്‍കിയില്ല. കളക്ടര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അസോസിയേഷന് ഭാരവാഹികള്‍ വഴങ്ങാതെ വന്നതോടെ തൃശ്ശൂര്‍ കളക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവെത്തി.
ഡിസാസ്റ്റര്‍ മാനേജുമെന്റ് ഉത്തരവു പ്രകാരം നോട്ടീസ് നല്കിയ ശേഷം ഹാളിന്റെ പൂട്ടുപൊളിച്ചു. തുടര്‍ന്ന് അരിയും മറ്റും സൂക്ഷിച്ചശേഷം കളക്ടര്‍ വേറെ താഴിട്ടു പൂട്ടുകയായിരുന്നു.






