
മൊണാക്കോ : യൂറോപ്യന്‍ ലീഗുകളിലെ മികച്ച താരത്തിനുള്ള ഈ വര്‍ഷത്തെ യുവേഫ പുരസ്കാരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ലോക ഫുട്ബോളറായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാലയെയും പിന്തള്ളിയാണ് നേട്ടം സ്വന്തമാക്കിയത്. മുന്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയനോ റൊണാള്‍ഡോ മികച്ച മുന്നേറ്റക്കാരനുള്ള പുരസ്കാരത്തിന് അര്‍ഹനായി.
മികച്ച മദ്ധ്യനിര താരവും ക്രൊയേഷ്യയെ ഫൈനലില്‍ എത്തിച്ച മോഡ്രിച്ച് തന്നെ. മികച്ച ഗോളിയായി റയലിന്റെ കോസ്റ്റോറിക്കന്‍ താരം കെയ്ലര് നവാസിനെയും മികച്ച ഡിഫന്ററായി റയലിന്റെ തന്നെ സെര്‍ജിയോ റാമോസിനെയും തിരഞ്ഞെടുത്തപ്പോള്‍ ഏറ്റവും മികച്ച ഗോള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ നേടിയ സിസര്കട്ടായിരുന്നു. റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരമായ മോണ്‍ഡ്രിച്ച് 2018 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ കരസ്ഥമാക്കിയതിനു പിന്നാലെയാണ് യുവേഫയുടെ അംഗീകാരവും തേടിയെത്തിയത്.
മികച്ച മിഡ്ഫീല്‍ഡര്‍ക്കുള്ള പുരസ്കാരം രണ്ടാം തവണയാണ് 32 കാരനെ തേടിയെത്തുന്നത്. യുവേഫ പുരസ്കാരങ്ങള്‍ എല്ലാം റയല്‍ താരങ്ങള്‍ സ്വന്തമാക്കി എന്നതും ശ്രദ്ധേയമായി. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 3-1 ന് പരാജയപ്പെടുത്തിയതിലൂടെ 13 ാം തവണയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ കിരീടം ചൂടിയത്. ചാംപ്യന്‍സ് ലീഗില്‍ കപ്പടിച്ച റയലിന് വേണ്ടി 15 ഗോളുകള്‍ നേടിയ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് മികച്ച താരത്തിനുള്ള പുരസ്ക്കാരം നല്‍കാത്തതില്‍ അദ്ദേഹത്തിന്റെ ഏജന്റുമാര്‍ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും പക്ഷേ റയലിന്റെ മദ്ധ്യനിരയില്‍ കളി മെനഞ്ഞവരില്‍ പ്രമുഖന് ലൂക്കാ മോഡ്രിച്ചായിരുന്നു.
ലോകത്തുടനീളമുള്ള 60 പരിശീലകരും 55 സ്പോര്‍ട്സ് ജര്ണലിസ്റ്റുകളും പങ്കെടുത്ത വോട്ടെടുപ്പില്‍ ലൂക്കാമോഡ്രിക്കിന് 313 പോയിന്റുകള്‍ കിട്ടിയപ്പോള്‍ ക്രിസ്ത്യാനോയ്ക്ക് 60 വോട്ടുകളും ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക് 90 പോയിന്റമാണ് നേടാനായത്.






