
കോഴിക്കോട്: ശക്തമായ ജലപ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പിടിമുറുക്കുന്നു. കോഴിക്കോട് ജില്ലയില് രോഗം ബാധിച്ചു രണ്ടു മരണം റിപ്പോര്ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുക്കം സ്വദേശികളായ ശിവദാസന്, കാരന്തൂര് സ്വദേശി കൃഷ്ണന് എന്നിവരാണു കോഴിക്കോട് മെഡിക്കല് കോളജില് ചികില്സയിലിരിക്കേ ഇന്നലെ മരിച്ചത്.
പ്രളയത്തിനുശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്കിയിരുന്നു. കോഴിക്കോട് ജില്ലയില് ഓഗസ്റ്റിൽ മാത്രം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് എലിപ്പനി ഏറ്റവും കൂടുതല് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. നാലുലക്ഷത്തില് അധികം പ്രതിരോധമരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില് വിതരണം ചെയ്തത്.
പനി പടരാതിരിക്കാൻ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രക്ഷാപ്രവര്ത്തനത്തിന്റെ ഭാഗമായി പ്രളയജലത്തില് ഇറങ്ങിയവര്ക്ക് ആര്ക്കെങ്കിലും പനി വന്നാല് വിദഗ്ധ ചികില്സയ്ക്ക് ആശുപത്രികളില് എത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്ക്ക് എലിപ്പനി മരണസാധ്യത കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര് പറയുന്നത്.
പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല് രോഗം കൂടുതല് റിപ്പോര്ട്ട് ചെയ്യാന് സാധ്യത ഉണ്ടെന്ന് ഡോക്ടര്മാര് ചൂണ്ടിക്കാണിക്കുന്നു. പ്രതിരോധ മരുന്ന് കഴിക്കാത്തവര്ക്കു പനിയുടെ ലക്ഷണം വന്നാല് ഉടന് ചികില്സ തേടണമെന്നും നിര്ദേശമുണ്ട്.







Comments