
കൊച്ചി: മലയാളത്തിലെ പ്രമുഖ നടനും സംവിധായകനുമായ ക്യാപ്റ്റന്‍രാജു (68) അന്തരിച്ചു. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടില്‍ രാവിലെ ഒമ്പതു മണിയോടെയായിരുന്നു അന്ത്യം.
വിദേശത്തുള്ള മകന് എത്തിയ ശേഷമായിരിക്കും സംസ്ക്കാരം സംബന്ധിച്ച തീരുമാനം എടുക്കുക. മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ നായകനായും വില്ലനായും തിളങ്ങിയ അദ്ദേഹം പക്ഷാഘാതത്തെ തുടര്‍ന്ന് അടുത്ത കാലത്തായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
വിവിധ ഭാഷകളിലും ബോളിവുഡിലുമായി അഞ്ഞൂറിലേറെ സിനിമയിലാണ് ക്യാപ്റ്റന്‍രാജു അഭിനയിച്ചത്. പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിയായ ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായിരുന്ന ക്യാപ്റ്റന്‍രാജു 1981 ല്‍ 'രക്തം' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.
മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേത്തിന്റെ വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്, ആവനാഴി യിലെ വില്ലന്‍ വേഷവും നാടോടിക്കാറ്റിലെ പവനായിയും ആഗസ്റ്റ് 1 ലെ വാടകക്കൊലയാളിയുമെല്ലാം ശ്രദ്ധേയമായി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും വരെ അഭിനയിച്ചു. ഇതാ ഒരു സ്നേഹഗാഥ എന്ന പേരില്‍ 1997ല്‍ ആദ്യ സിനിമ സംവിധാനം ചെയ്തു.
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമായിരുന്നു ചിത്രത്തിലെ നായകന്. തമിഴില്‍ നായികയായി തിളങ്ങിയ ലൈലയായിരുന്നു നായിക. അതിന് ശേഷം 2012ല്‍ 'പവനായി 99.99' എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്തെങ്കിലും ഇതുവരെയും റിലീസായിട്ടില്ല.
ഒന്നരമാസം മുമ്പ് മകന്റെ വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട് ഭാര്യയുമായുള്ള ന്യൂയോര്‍ക്ക് യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സ തേടുകയും അതിന് ശേഷം വീട്ടില്‍ ചികിത്സയില്‍ കഴിയുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പാലാരിവട്ടത്തെ വീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നത്. അതിന് ശേഷവും ആരോഗ്യത്തില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.






