
ദുബായ്: ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ അണപൊട്ടുന്ന ആവേശമാണ് ഇരു ടീമുകളുടെ ആരാധകര്‍ക്ക്. ക്രിക്കറ്റ് പ്രേമികള്‍ ഉര്റു നോക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാക് പോരാട്ടം. ഏഷ്യാ കപ്പില്‍ ഇപ്പോള്‍ രണ്ട് പ്രാവശ്യം ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. രണ്ട് പ്രാവശ്യവും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. അതും ആധികാരികമായ ജയങ്ങള്‍.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ അനായാസമായി പാകിസ്താനെ പരാജയപ്പെടുത്തി. പാകിസ്താന് ഉയര്‍ത്തിയ 238 റണ്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും നായകന് രോഹിത് ശര്‍മ്മയും ചേര്‍ന്ന് നേടിയത് 210 റണ്‍സിന്റെ കൂട്ടുകെട്ട്. 33.3 ഓവറില്‍ ധവാന് റണ്‍ഔട്ട് ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ ജയം പത്ത് വിക്കറ്റിന് ആകുമായിരുന്നു.
ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും സെഞ്ചുറി നേടി. 119 പന്തില്‍ നാല് സിക്സും ഏഴ് ഫോറും സഹിതം 111 രണ് നേടിയ നായകന് രോഹിത് ശര്‍മ പുറത്താകാതെ നിന്നു. 100 പന്തില്‍ രണ്ട് സിക്സും 16 ഫോറും സഹിതം 114 റണ്‍ ധവാന് നേടി. ഇരുവരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സൃഷ്ടിക്കപ്പെട്ടത് ഒരു കൂട്ടം റെക്കോര്‍ഡുകള്‍ കൂടിയാണ്.
തുടരെ 13-ാം തവണ ഇന്ത്യ ആദ്യ വിക്കറ്റില്‍ 100ല്‍ അധികം റണ്‍ നേടിയ മത്സരം. 2007ല്‍ ശ്രീലങ്കയ്ക്ക് എതിരെ നേടിയ 100 റണ്‍ ആദ്യ വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പാണ് തുടക്കം. പിന്നീടിങ്ങോ്ട് ഈ മത്സരം വരെ തുടരെ 16 ഏകദിനത്തില്‍ നൂറ് റണ്‍സില്‍ അധികം ഒന്നാം വിക്കറ്റ് പാര്‍ടണര്‍ഷിപ്പ്.
രോഹിത്-ധവാന് ഓപ്പണിംഗ് കൂട്ട് കെട്ടിലെ തുടരെ 13 തവണ നൂറ് റണ്‍സിലധികം വരുന്ന പാര്‍ട്ണര്‍ഷിപ്പ്.
പാകിസ്താനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് രോഹിതും ധവാനും ചേര്‍ന്ന് ഇന്നലെ അടിച്ച് കൂട്ടിയ 210 റണ്‍സ്. രോഹിതും ധവാനും ചേര്‍ന്ന് നേടിയ 210 റണ്‍സ് തന്നെയാണ് നിലവില്‍ ഏഷ്യാകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്.
പത്തൊമ്പതാം ഏകദിന സെഞ്ചുറിയാണ് രോഹിത് ശര്‍മ്മ ഇന്നലെ നേടിയത്. ഇതോടെ സെഞ്ചുറിപട്ടികയില് ബ്രയന്‍ലാറ, മഹേള ജയവര്‍ധന, റോസ് ടെയ്ലര് എന്നിവരുടെ ഒപ്പം ഹിറ്റ്മാന് എത്തി. പാകിസ്താനെതിരെ രോഹിതിന്റെ ആദ്യ സെഞ്ചുറിയാണിത്. അബുദാബിയില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ആദ്യ സെഞ്ചുറിയും രോഹിതിന്റേതാണ്.
പാകിസ്താനെതിരെ 500 റണ്‍ തികയ്ക്കുന്ന 17-ാം ഇന്ത്യന്‍ താരം എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിനിടെ ഏകദിനത്തില്‍ 7000 റണ്‍സ് രോഹിത് പിന്നിട്ടു. ഏറ്റവും വേഗത്തില്‍ 7000 റണ്‍ പിന്നിടുന്നവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് രോഹിത്.
ഇന്നലെ നേടിയ സെഞ്ചുറിയോടെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ നിന്നും 15 സെഞ്ചുറി നേടുന്നവരുടെ പട്ടികയില്‍ മൂന്നാമതായിരിക്കുകയാണ് ധവാന്. ഹാഷിം അംലയും വിരാട് കോഹ്ലിയുമാണ് ധവാന് മുന്നിലുള്ളവര്‍.





