
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വന്‍ സ്കോറിലേക്ക്. ആദ്യ ദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ച്വറിയുടെ മികവില്‍ പിടിമുറുക്കിയ ഇന്ത്യക്കു രണ്ടാം ദിനം കരുത്തേകുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്. രണ്ടാം ദിനം 118 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സെടുത്തിട്ടുണ്ട്. കരിയറിലെ 24 സെഞ്ച്വറി തികച്ച കോഹ്ലിക്കൊപ്പം (120*) രവിന്ദ്ര ജഡേജയാണ് (19*) ക്രീസില്‍.
സെഞ്ച്വറിക്ക് എട്ടു റണ്‍സ് അകലെ റിഷഭ് പന്തിന്റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായെങ്കിലൂം 180 പന്തുകളില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കി കൊഹ്ലി ആശ്വാസം നല്കി. ഇതോടെ 24 സെഞ്ച്വറികളുമായി ഓസിസ് ക്യാപ്റ്റന്‍ സ്മിത്തിനെ പിന്നാലാക്കി 21 സ്ഥാനത്താണ് കൊഹ്ലി. 6 സെഞ്ച്വറികള്‍ കൂടി സ്വന്തമാക്കിയാല്‍ ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനെ പിന്നിലാക്കാം. 72 മത്സരങ്ങളില്‍ 24 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ കൊഹ്ലി ഇന്ത്യന്‍ മണ്ണില്‍ ഈ വര്‍ഷം 1000 റണ്‍സും പൂര്‍ത്തിയാക്കി.
അഞ്ചാം വിക്കറ്റില്‍ റിഷഭ് പന്തും കൊഹ്ലിയും ചേര്‍ന്ന് മികച്ച പാട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. 215 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സെങ്കില്‍ പന്ത് 84 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്സറും പായിച്ചു. ആദ്യദിനം പൃഥ്വി (134), ലോകേഷ് രാഹുല്‍ (0), ചേതേശ്വര്‍ പുജാര (86), അജിങ്ക്യ രഹാനെ (41) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.
അരങ്ങേറ്റക്കാരനായ പൃഥ്വിയുടെ (134) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടത്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി കണ്ടെത്തിയതോടെ പുതിയ പല റെക്കോര്‍ഡുകളും 18 കാരന് തന്റെ പേരില്‍ കുറിച്ചു. 154 പന്തുകളില്‍ 19 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് പൃഥ്വി 134 റണ്‍സ് നേടിയത്. 130 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്സില്‍ 14 ബൗണ്ടറികളുണ്ടായിരുന്നു.
അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രാഹുലിനെ നഷ്ടമായെങ്കിലും ഒരു തുടക്കക്കാരന്റെ ഒരു പരിഭ്രമവും കാണിക്കാതെ വളരെ ചടുലമായ ഇന്നിങ്സാണ് പൃഥ്വി കാഴ്ചവച്ചത്. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയായിരുന്നു താരത്തിന്റെ കുതിപ്പ്. രണ്ടാം വിക്കറ്റില്‍ പുജാരയ്ക്കൊപ്പം 206 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പൃഥ്വിക്കു സാധിക്കുകയും ചെയ്തു.
ടോസ് ലഭിച്ച ഇന്ത്യന്‍ നായകന് വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്ബരയില്‍ മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. ജൂനിയര്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായ പൃഥ്വി ഷാ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനെതിരേ അവസാനമായി നടന്ന ടെസ്റ്റ് പരമ്ബരയിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ശിഖര്‍ ധവാന്റെ പകരക്കാരനായാണ് പൃഥ്വി ഈ ടെസ്റ്റില്‍ ടീമിലില്‍ ഇടംപിടിച്ചത്.



