ന്യൂഡല്‍ഹി: ബി.സി.സി.ഐ. മുഖ്യസെലക്‌ടര്‍ അജിത് അഗാര്‍ക്കറിന്റെ കരാര്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2026 ജൂണില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന അഗാര്‍ക്കറിനു ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയേക്കും. ദേശീയ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. അഗാര്‍ക്കര്‍ മുഖ്യസെലക്‌ടറായി ചുമതലയേറ്റതിനുശേഷം മൂന്ന് ഐ.സി.സി. കിരീടങ്ങള്‍ ഇന്ത്യ നേടിയിട്ടുണ്ട്. അതേസമയം ടി20 ക്യാപ്‌റ്റനായി സൂര്യകുമാര്‍ തുടരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. പകരം ശ്രേയസ് അയ്യര്‍ നായകനായി എത്താനുള്ള സാധ്യതയാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
അഗാര്‍ക്കറിന്റെ കാലയളവില്‍ 2024, 2026 ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയിട്ടുണ്ട്. ടീം തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉറച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടതായാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ 2027 ജൂണ്‍ വരെ അഗാര്‍ക്കറിന്റെ കരാര്‍ നീട്ടും.അഗാര്‍ക്കറുടെ കാലത്ത് ടീം മാറ്റങ്ങള്‍ക്ക് വിധേയമായി. കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭയന്നില്ല. അദ്ദേഹം തുടരണമെന്ന് ബോര്‍ഡിന് തോന്നി. ഐ.പി.എല്‍. മത്സരങ്ങള്‍ക്കിടയില്‍ ബി.സി.സി.ഐ. ഉദ്യോഗസ്‌ഥര്‍ അദ്ദേഹവുമായി സംസാരിക്കും. ഒരു ബി.സി.സി.ഐ. ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.അതേസമയം, ടി20 നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഭാവി അനിശ്‌ചിതത്വത്തിലാണ്. സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെങ്കിലും അദ്ദേഹത്തിന്റെ മോശം ബാറ്റിങ്ങാണ് തിരിച്ചടിയാകുന്നത്. 2028-ലെ ലോസ് ആഞ്‌ജലീസ് ഒളിമ്പിക്‌സില്‍ സൂര്യ തന്നെ ടീമിനെ നയിക്കുമോ എന്നതില്‍ വ്യക്‌തത വന്നിട്ടില്ല. വരാനിരിക്കുന്ന പരമ്പരകളിലെ പ്രകടനത്തെ അടിസ്‌ഥാനപ്പെടുത്തിയാകും തുടര്‍നീക്കങ്ങള്‍. ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ നിര്‍ണായകമാകും.



