
ചണ്ഡീഗഡ്: ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ പഞ്ചാബ് കിങ്സിനു 54 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 200 റണ്‍സിനു ലഖ്‌നൗവിന്റെ സ്‌കോര്‍ അവസാനിച്ചു.
നേരത്തെ പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കൊണോലിയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും അര്‍ധസെഞ്ചുറി തികച്ചു.
ആദ്യം ബാറ്റുചെയ്യാനിറങ്ങിയ പഞ്ചാബിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. പ്രഭ്സിമ്രാന്‍ സിങ് ആദ്യ ഓവറില്‍ തന്നെ ഡക്കായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കൂപ്പര്‍ കൊണോലിയും പ്രിയാന്‍ഷ് ആര്യയും തകര്‍ത്തടിച്ചു. പ്രിയാന്‍ഷായിരുന്നു കൂടുതല്‍ അപകടകാരി. ഇരുവരും ലഖ്നൗ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവര്‍പ്ലേയില്‍ 63 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. വെടിക്കെട്ട് തുടര്‍ന്ന ഇരുവരും 9-ാം ഓവറില്‍ തന്നെ ടീമിനെ നൂറുകടത്തി. പ്രിയാന്‍ഷ് അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
കൊണോലിയും വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതോടെ ലഖ്നൗ പ്രതിരോധത്തിലായി. 11-ാം ഓവറില്‍ താരത്തിന്റെ അര്‍ധസെഞ്ചുറിയുമെത്തി. പിന്നീടങ്ങോട്ട് ഇരുവരുടെയും വെടിക്കെട്ട് പൂരത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ആവേശ് ഖാന്‍ എറിഞ്ഞ 12-ാം ഓവറില്‍ 18 റണ്‍സും എയ്ഡന്‍ മാര്‍ക്രമെറിഞ്ഞ 13-ാം ഓവറില്‍ 32 റണ്‍സുമാണ് പിറന്നത്. ആ ഓവറില്‍ അഞ്ച് സിക്സറുകളാണ് പിറന്നത്. 13 ഓവറില്‍ ടീം 179 ലെത്തി. പിന്നീട് വിക്കറ്റുകള്‍ വീണതോടെ പഞ്ചാബിന്റെ റണ്ണൊഴുക്ക് കുറഞ്ഞു.
കൊണോലി 46 പന്തില്‍ നിന്ന് 87 റണ്‍സെടുത്തും പ്രിയാന്‍ഷ് 37 പന്തില്‍ നിന്ന് 93 റണ്‍സെടുത്തും പുറത്തായി. ശ്രേയസ് അയ്യര്‍(5), നേഹല്‍ വധേര(13) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അവസാനഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും(29) ശശാങ്ക് സിങ്ങും(17) മിന്നിച്ചതോടെ ടീം 250 കടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനായി മിച്ചല്‍ മാഷ് (40), അയുഷ് ബദോനി (35), റിഷഭ് പന്ത് (43) എന്നിവര്‍ പൊരുതി നോക്കി.


