മാഞ്ചസ്‌റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ആസ്‌റ്റണ്‍വില്ല, നോട്ടിങ്ങാം ഫോറസ്‌റ്റ് ടീമുകള്‍ക്ക് ജയം.
ചെല്‍സിയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് വീഴ്‌ത്തി. 43-ാം മിനിറ്റില്‍ മത്യാസ് കൂനിയയാണ് മത്സരത്തിലെ ഏകഗോളിന് അവകാശിയായത്. ആക്രമണത്തില്‍ മുന്നില്‍നിന്നിട്ടും ലക്ഷ്യം കാണുന്നതില്‍ ചെല്‍സി പരാജയപ്പെട്ടു. യുണൈറ്റഡിന്റെ നാലിനെതിരേ 21 ഷോട്ടുകള്‍ പായിക്കാന്‍ ചെല്‍സിക്കായി. ഇന്നലെ നടന്ന മത്സരത്തില്‍ എവര്‍ട്ടണെ ഒന്നിനെതിരേ രണ്ടു ഗോളിനു ലിവര്‍പൂള്‍ വീഴ്‌ത്തി. മുഹമ്മദ് സല, വിര്‍ജിന്‍ വാന്‍ഡെയ്‌ക്ക് എന്നിവര്‍ ലിവര്‍പൂളിനായി വലകുലുക്കി.ബെറ്റോ എവര്‍ട്ടണിന്റെ ആശ്വാസഗോളിന് അവകാശിയായി. സണ്ടര്‍ലാന്‍ഡിനെ 4-3 നു തോല്‍പ്പിച്ച് ആസ്‌റ്റണ്‍ വില്ലയും ബേണ്‍ലിയെ 4-1 ന് മറികടന്ന് നോട്ടിങ്ങാം ഫോറസ്‌റ്റും വിജയമധുരം നുകര്‍ന്നു. 33 കളിയില്‍ 58 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് മൂന്നാം സ്‌ഥാനത്തും ആസ്‌റ്റണ്‍ വില്ല നാലാമതുമാണ്. 55 പോയിന്റുള്ള ലിവര്‍പൂള്‍ അഞ്ചാമതെത്തിയപ്പോള്‍ 48 പോയിന്റുമായി ചെല്‍സി ആറാം സ്‌ഥാനത്തേക്കുവീണു.


