
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എതിര്‍പ്പുകളും പ്രതിഷേധവും മറികടന്ന് ആക്ടിവിസ്റ്റും ചുംബന സമര നേതാവുമായ രഹ്ന ഫാത്തിമ മല ചവിട്ടാന്‍ പോയ സാഹചര്യത്തിലാണ് അരുന്ധതി തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ശബരിയുടെ മല സ്ത്രീകളുടേതുമാണ്, പെണ്ണിന്റെ മലയില്‍ അയ്യപ്പനിരിക്കാമെങ്കില്‍ ആ മല ഏതു പെണ്ണിനും കയറാം.. എന്ന് അരുന്ധതി തന്റെ ഫേസ്ബുക്കില്‍ നേരത്തെ കുറിച്ചിരുന്നു.
സ്ത്രീ പ്രവേശനത്തിനുള്ള കേടതി ഉത്തരവിനെ തുടര്‍ന്ന് രഹ്ന ഫാത്തിമയും മാധ്യമപ്രവര്‍ത്തക കവിതയും ഇന്നലെ രാത്രി പമ്പയില്‍ എത്തുകയും തുടര്‍ന്ന് രാവിലെ കനത്ത പോലീസ് കാവലില്‍ മല കയറുകയും ചെയ്തു. എന്നാല്‍ ശബരിമലയിലെത്തിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലില്‍ നിന്ന് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു. ചെറിയ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം കണക്കിലെടുത്താണ് പിന്‍വാങ്ങിയതെന്ന് മല കയറിയ കവിതയും രഹ്ന ഫാത്തിമയും വ്യക്തമാക്കി. അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനുറച്ചാണ് മല കയറിയത്. പക്ഷേ കുട്ടികളുടെ ജീവനാണ് കൂടുതല്‍ പ്രാധാന്യമെന്ന് മനസിലാക്കിയാണ് പിന്‍വാങ്ങിയതെന്ന് കവിത പ്രതികരിച്ചു.
അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
പതിന്നാല് വയസ്സുവരെ ഭക്തിയായിരുന്നു എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.
ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട് മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. 'അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി' എന്ന് ആര്.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയാല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശത്തിന് സാധിക്കില്ല.
ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതയ്ക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല. മിനിമം ജാഗ്രതയാണ്.






