
ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 323 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് കണ്ട് ഇന്ത്യന്‍ ആരാധകര്‍ പോലും അന്ന് അമ്പരന്നു കാണണം. ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് പോയശേഷം ക്രീസിലെത്തിയ നായകന് വിരാട് കോഹ്ലി വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി പറത്തുകയായിരുന്നു.
പതിവിന് വിപരീതമായി രോഹിത് ശര്‍മ്മയെ കാഴ്ചക്കാരനാക്കി കത്തി പടരുകയായിരുന്നു കോഹ്ലി. ഇതിന്റെ കാരണം മത്സരശേഷം കോഹ്ലി തന്നെ വെളിപ്പെടുത്തി. സാധാരണയായി ഞാന്‍ ക്രീസിലെത്തിയാല്‍ നങ്കൂരക്കാരന്റെ റോളാണ് എടുക്കാറുള്ളത്. കാരണം രോഹിത്തും ധവാനും എന്നെക്കാള്‍ മികച്ച സ്ട്രോക്ക് പ്ലേ കളിക്കുന്നവരാണ്. പക്ഷെ ഇന്ന് ഞാന്‍ ക്രീസിലെത്തിയപ്പോള്‍ പതിവിലും കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ എനിക്ക് കഴിഞ്ഞു. അപ്പോള്‍ ഞാന്‍ രോഹിത്തിനോട് പറഞ്ഞു, ഞാന്‍ ഇതുപോലെ തന്നെ മുന്നോട്ടുപോവും, താങ്കള്‍ നങ്കൂരക്കാരന്റെ റോള്‍ കളിക്കണമെന്ന്.
അത് രോഹിത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു. ഞാന്‍ പുറത്തായശേഷം റായിഡു എത്തിയതോടെ രോഹിത് അടിച്ചു തകര്‍ത്തു, റായിഡു, നങ്കൂരക്കാരന്റെ റോളെടുത്തു. ഇത് ഞങ്ങളുടെ അഞ്ചാമത്തെയോ ആറാമത്തെയോ സെഞ്ചുറി കൂട്ടുകെട്ടാണ്. രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുക എന്നത് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണെന്നും കോലി പറഞ്ഞു.
ടോസ് നേടിയ ഇന്ത്യന്‍ നായകന് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുക്കയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 322 റണ്‍സ് അടിച്ചുകൂട്ടി. ഹെറ്റ്മെയര്‍ സെഞ്ചുറി നേടി. 78 പന്തില്‍ നിന്നും ആറ് ഫോറും ആറ് ബൗണ്ടറിയും സഹിതമായിരുന്നു ഹെറ്റ്മെയറുടെ ഇന്നിംഗ്സ്.
ഇന്ത്യയ്ക്കായി കോഹ്ലിയും രോഹിതും സെഞ്ചുറി നേടി. കോഹ്ലി 107 പന്തില്‍ 140 റണ്‍ നേടി പുറത്തായി. രോഹിത് ആകട്ടെ 117 പന്തില്‍ 152 റണ്‍ നേടി പുറത്താകാതെ നിന്നു. ധവാന് നാല് റണ്‍സിന് പുറത്തായി. റായിഡു 22 റണ്‍ നേടി.






