
കൊച്ചി: മണ്ഡലകാല വ്രതാരംഭത്തിന് മുന്നോടിയായി അടുത്തയാഴ്ച ശബരിമല വീണ്ടും തുറക്കാനിരിക്കെ ക്ഷേത്രത്തിലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും വീണ്ടും കളമൊരുങ്ങുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ക്ഷേത്രത്തില്‍ ചോരയോ മൂത്രമോ വീഴ്ത്തി അശുദ്ധമാക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഈശ്വര്‍.
ചോരയോ മൂത്രമോ വീണാല്‍ ക്ഷേത്രം മൂന്നു ദിവസം അടച്ചിടേണ്ടി വരും. വിശ്വാസ സംരക്ഷണത്തിനുള്ള പ്രതിഷേധത്തിന്റെ ഭാഗമായി െകെമുറിച്ച് ചോരവീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ തയാറുള്ളവര്‍ വരുംദിവസങ്ങളിലും ഉണ്ടാകുമെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍വരെ സന്നദ്ധമായിട്ടുള്ള 20 വിശ്വാസികള്‍ നേരത്തേ സന്നിധാനത്തുണ്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
ഇതിന് ആരുടെയും അനുവാദം വേണ്ട. ക്ഷേത്രം അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമാണ്. ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രമടയ്ക്കാന് തന്ത്രിക്ക് അവകാശമുണ്ട്. നവംബര്‍ അഞ്ചിന് ക്ഷേത്രം വീണ്ടും തുറക്കുമ്പോള്‍ നാമജപവുമായി വിശ്വാസികള്‍ ഗാന്ധിമാര്‍ഗ സമരവുമായി സന്നിധാനത്തുണ്ടാകുമെന്നും പറഞ്ഞു. അതേസമയം പ്രതിഷേധം വക വെയ്ക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കര്‍ശനമായി നിലപാട് എടുത്തിട്ടുള്ള ഇടതുപക്ഷം കേരള നവോത്ഥാനത്തിലെ നാഴികക്കല്ലായ ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ മറുപടി നല്‍കാനാണ് ഒരുങ്ങുന്നത്.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം സംസ്ഥാനത്തൊട്ടാകെ ആഘോഷിക്കും. നവംബര്‍ 10 മുതല്‍ 12 വരെ എല്ലാ ജില്ലകളിലും ആഘോഷം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സാംസ്കാരിക വകുപ്പും പുരാവസ്തു-പുരാരേഖാ വകുപ്പിനേയും അണിചേര്‍ത്ത് ചരിത്ര പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടത്താനാണ് തീരുമാനം.
ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്കാന് ജില്ലകളില്‍ വിവിധ മന്ത്രിമാര്‍ക്ക് ചുമതലകളും വീതിച്ചുനല്‍കിയിട്ടുണ്ട്. തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രന്, കൊല്ലം - ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട - അഡ്വ. മാത്യു ടി തോമസ്, ആലപ്പുഴ - ജി. സുധാകരന്, പി. തിലോത്തമന്, ഡോ. ടി.എം. തോമസ് ഐസക്, കോട്ടയം - അഡ്വ. കെ. രാജു, ഇടുക്കി- എം.എം. മണി, എറണാകുളം- പ്രഫ. സി. രവീന്ദ്രനാഥ്, തൃശൂര്‍- എ.സി. മൊയ്തീന്, അഡ്വ. വി.എസ്. സുനില്‍കുമാര്‍, പാലക്കാട് - എ.കെ. ബാലന്, മലപ്പുറം- ഡോ. കെ.ടി. ജലീല്‍, , കോഴിക്കോട്- ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, വയനാട്- രാമചന്ദ്രന് കടന്നപ്പള്ളി, കണ്ണൂര്‍- ഇ.പി. ജയരാജന്, കെ.കെ. െശെലജ, കാസര്‍ഗോഡ്- ഇ. ചന്ദ്രശേഖരന് എന്നിങ്ങനെയാണു മന്ത്രിമാരുടെ ചുമതല.






