കരുനാഗപ്പള്ളി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. അയ്യങ്കാളിയുടെ തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും പുന്നല ശ്രീകുമാര്‍ ചോദിച്ചു.
അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള കെ.പി.എം.എസ് ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന നാട്ടില്‍ യാഥാസ്ഥികത്വത്തിന്റെ മുദ്രാവാക്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ജനാധിപത്യത്തിന് മേല്‍ രാജാക്കന്മാര് പുനര്‍ജനിക്കുകയാണ്. വിശുദ്ധിയുള്ള സ്ഥലത്തെ അശുദ്ധിയാണ് സ്ത്രീ എന്ന ചിന്തയ്ക്കെതിരെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യങ്ങളാണ് ആചാരങ്ങളെ സൃഷ്ടിക്കുന്നത്. കാലത്തിന്റെ മാറ്റം സ്ത്രീ പ്രവേശന വിധിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിത്. ഈ വിധി നടപ്പിലായില്ലെങ്കില്‍ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചു പോക്കായിരിക്കുമെന്നും പുന്നല ഓര്‍മ്മിപ്പിച്ചു.






