ലഖ്നൗ: ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ നായകന് രോഹിത്ശര്‍മ്മയുടെ വെടിക്കട്ടുള്പ്പടെ നിരവധി അവിസ്മരണിയ നിമിഷങ്ങളാണ് രണ്ടാം ട്വന്റി ട്വന്റിയില്‍ പിറന്നത്. ഹിറ്റ്മാന്റെ വണ്മാന് ഷോയില്‍ പല റെക്കോര്‍ഡുകളും തകര്‍ന്നു വീണിരുന്നു. എന്നാല്‍ രോഹിത്തിന്റെ പ്രകടനത്തിന്റെ തിളക്കത്തില്‍ മങ്ങിപ്പോയ ചില സംഭവമുണ്ട് അതെന്താണെന്നു നോക്കാം.
സ്പിന്നര്‍മാര്‍ ബൗണ്‍സര്‍ എറിയുന്നത് ലോക ക്രിക്കറ്റില്‍ അത്ര കേട്ടു പരിചയമില്ലാത്ത കാര്യമാണ്. എന്നാല്‍ വിന്‍ഡീസിനെതിരേ അതും ലോകം കണ്ടു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് അപ്രതീക്ഷിത ബൗണ്‍സറിലൂടെ വിസ്മയിപ്പിച്ചത്. തന്റെ മൂന്നാമത്തെ ഓവറിലാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്വെയ്റ്റിനെതിതിരേ താരം ബൗണ്‍സര്‍ എറിഞ്ഞത്. ബാറ്റ്സ്മാനെ മാത്രമല്ല വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്ത്തികിനെപ്പോലും അമ്ബരപ്പിച്ച ബൗണ്‍സര്‍ രണ്ടു പേര്‍ക്കും പിടികൊടുക്കാതെ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. അംപയര്‍ നാലു റണ്‍സ് ബൈ ആയാണ് വിന്‍ഡീസിന് നല്‍കിയത്.
ക്രുനാല്‍ പാണ്ഡ്യയുടെ ബൗണ്‍സറില്‍ ബാറ്റ്സ്മാനും ആരാധകരും മാത്രമല്ല, സ്വന്തം ടീം അംഗങ്ങളും ഞെട്ടി. ഫാസ്റ്റ് ബൗളേഴ്സിന്റേതിന് സമാനമായി പിച്ചിന്റെ മധ്യഭാഗത്ത് കുത്തിച്ച് ക്രുനാല്‍ എറിഞ്ഞ ബൗണ്‍സര്‍ ബാറ്റ്സ്മാന്റെ തലയ്ക്ക് മുകളിലൂടെ വിക്കറ്റ് കീപ്പറിന്റെ കൈകള്‍ക്കും പിടികൊടുക്കാതെ ബൗണ്ടറി ലൈനിലേക്ക് പാഞ്ഞു.
13ാം ഓവറിലെ നാലാം ബോളിലായിരുന്നു ഇത്. കാര്‍ലോസ് ബ്രാത്വെയ്റ്റിന് നേര്‍ക്കായിരുന്നു ആ ബൗണ്‍സര്‍. ദിനേശ് കാര്‍ത്തിക് ബൗള്‍ ഗ്ലൗസിനുള്ളില്‍ പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെ വീണ കാര്‍ത്തിക് തിരിഞ്ഞ് ക്രുനാലിനെ അതിശയത്തോടെ നോക്കുന്ന ദൃശ്യങ്ങളാണ് ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്.






