നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ കാറിനുമുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എസ്.പി ഹരികൂമാറിന്റെ അറസ്റ്റു വൈകിപ്പിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമാണ് അന്യേഷണം ക്രൈം ബ്രഞ്ചിനെ ഏല്‍പ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഗുരുതരമായി പരിക്കേറ്റ സനല്‍കുമാറിനെ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത് ഗുരുതരമായ വീഴ്ചയാണ്. ഇതിനുത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കേസെടുക്കണം. പരിക്കേറ്റു കിടന്ന യുവാവിന്റെ വായില്‍ പൊലീസ് മദ്യം ഒഴിച്ചു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതിനെകുറിച്ചും അന്യേഷണം വേണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഗുരുതരമായി പരിക്കേറ്റ നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിനെ ആശുപത്രിയില്‍ നിന്ന് നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത് ഗുരുതരമായ വീഴ്ചയാണ്. ഇതിനുത്തരവാദികളായ പൊലീസുകാരെ സസ്പെന്റു ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. അവര്‍ക്കെതിരെ കേസെടുക്കണം. പരിക്കേറ്റു കിടന്ന യുവാവിന്റെ വായില്‍ പൊലീസ് മദ്യം ഒഴിച്ചു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ അതീവ ഗൗരവമുള്ള കാര്യമാണ്. ഇതിനെക്കുറിച്ചും അന്വേഷിക്കണം. സനല്‍കുമാറിനെ വണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ മുന്‍ ഡി വൈ എസ് പി ഹരികുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനും, കേസ് അട്ടിമറിക്കാനുമാണ് ഈ ഘട്ടത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
ഒരു കുറ്റകൃത്യത്തിലെ പ്രതിയെക്കുറിച്ച് ധാരണയില്ലാതിരിക്കുകയും, അത് മൂലം കേസ് തെളിയിക്കാന്‍ സാധിക്കാതെ നീണ്ടു പോകുകയും ചെയ്യുമ്പോഴാണ് സാധാരണ അന്വേഷണം മറ്റു ഏജന്‍സികള്‍ക്ക് കൈമാറുന്നത്. എന്നാല്‍ ഇവിടെ പ്രതി ഡി വൈ എസ് പി ഹരികുമാര്‍ ആണെന്ന് വ്യക്തമാണ്. എന്നിട്ടും നാല് ദിവസമായിട്ടും അയാളെ അറസ്റ്റ് ചെയ്യുന്നില്ല. പകരം സംരക്ഷിക്കാനാണ് പൊലീസ് ശ്രമം. അതിന് സഹായകമായി കേസ് വൈകിക്കുന്നതിനും അതു വഴി അട്ടിമറിക്കുന്നതിനുമാണ് ഈ ഘട്ടത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
കൊലക്കേസിലെ പ്രതിയായ ഡി വൈ എസ് പിയെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെങ്കില്‍ അത് ഒരിക്കലും അനുവദിക്കില്ല.






