
ലണ്ടന്‍: രാജ്യാന്തര ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിക്കുന്ന മുന്‍ നായകന് വെയ്ന്‍ റൂണിക്ക് ഇംഗ്ളണ്ട് വിജയത്തോടെ വിട നല്കിയപ്പോള് ഗതികേട് കാലത്തിലൂടെ കടന്നു പോകുന്ന ജര്‍മ്മനി സ്വന്തം കരുത്ത് തിരിച്ചറിഞ്ഞു വിജയവഴിയില്‍ തിരിച്ചെത്തി. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ഇംഗ്ളണ്ട് അമേരിക്കയെയും ജര്‍മ്മനി റഷ്യയേയും തോല്‍പ്പിച്ചത് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു.
വെംബ്ളിയില്‍ നടന്ന മത്സരത്തില്‍ ലിന്‍ഗാര്‍ഡ്, അലക്സാണ്ടര്‍ ആര്‍നോള്‍ഡ്, വില്‍സണ്‍ എന്നിവരായിരുന്നു ഇംഗ്ളണ്ടിനായി സ്കോര്‍ ചെയ്തത്. 40 വര്‍ഷത്തിനിടയില്‍ ഏറ്റവും പരിചയം കുറഞ്ഞ ടീമിനെയായിരുന്നു ഇംഗ്ളണ്ട് പരിശീലകന് സൗത്ത്ഗേറ്റ് ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ളണ്ടിനായി ഏറ്റവും കൂടുതല്‍ തവണ കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്ത 33 കാരന് വെയ്ന്‍ റൂണിയെ 33 ാം മിനിറ്റില്‍ ലിന് ഗാര്‍ഡിന്റെ പകരക്കാരനായിട്ടായിരുന്നു സൗത്ത്ഗേറ്റ് കളത്തിലേക്ക് വിട്ടത്. ഗോളോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള റൂണിയുടെ ശ്രമം പക്ഷേ അവസാന മിനിറ്റില്‍ യുഎസ് ഗോളി ബ്രാഡ് ഗുസണ്‍ രക്ഷപ്പെടുത്തി.
മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റക്കാരന് ലിറോയ് സാനേ നേടിയ ആദ്യ രാജ്യാന്തര ഗോളിന്റെയും സുലേ, ഗ്നാബ്രി എന്നിവരുടെ ഗോളുകളുടെയും പിന് ബലാത്തിലാണ് റഷ്യയെ ജര്‍മ്മനി പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ 14 മത്സരങ്ങളില്‍ ജര്‍മ്മനി നേടുന്ന നാലാമത്തെ മാത്രം വിജയമാണ് ഇത്. 2018 ലോകകപ്പില്‍ പരിശീലകന് ജോക്കിം ലോ വിട്ടുകളഞ്ഞ സാനേ എട്ടാം മിനിറ്റില്‍ തന്നെ സ്കോര്‍ ചെയ്തു. സെര്‍ജി ഗ്നാബ്രേയുടെ ക്രോസ് വലയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ ചെല്‍സി താരം അന്റോണിയോ റൂഡിഗര്‍ നല്കിയ അവസരം മുതലാക്കിയാണ് നിക്ളാസ് സുലേ ലീഡ് ഉയര്‍ത്തിയത്. നാല്പ്പതാംമിനിറ്റില് 18 വാര അകലത്തില്‍ നിന്നും ഗ്നാബ്രി വിജയം ഉറപ്പാക്കുകയും ചെയ്തു.
പരീക്ഷണാര്‍ത്ഥം 25 വയസ്സില്‍ താഴെയുള്ളവരുടെ ടീമിനെയാണ് റഷ്യയ്ക്കെതിരേ ലോ ഇറക്കിയത്. മാറ്റ് ഹമ്മല്‍സും തോമസ് മുള്ളറും ബഞ്ചില്‍ ഇരുന്നപ്പോള്‍ ടോണി ക്രൂസിന് വിശ്രമവും അനുവദിച്ചു. ലോകകപ്പ് ജേതാവ് ജെറോം ബോട്ടെംഗിനെ ടീമിലേക്ക് പരിഗണിച്ചുമില്ല. 25 മുകളില്‍ പ്രായക്കാരായ രണ്ടു പേര് മാത്രമായിരുന്നു ടീമില്‍ ഉണ്ടായിരുന്നത്.




