
ന്യുഡല്‍ഹി: സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന് കാണിച്ച് സിബി.ഐ ഓഫീസര്‍ മനീഷ് കുമാര്‍ സിന്‍ഹ സുപ്രീം കോടതിയില്‍. സി.ബി.ഐയുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഒരു ബിസിനസുകാരനില്‍ നിന്നും ഒരു കേന്ദ്ര സഹമന്ത്രി ഏതാനും കോടികള്‍ കൈപ്പറ്റിയതായി തനിക്കറിയാം. കഴിഞ്ഞ മാസം തന്നെ അപ്രതീക്ഷിതമായി നാഗ്പൂരിലേക്ക് സ്ഥലംമാറ്റിയതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് മനീഷ് കുമാര്‍ സിന്‍ഹ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പക്കലുള്ള ചില രേഖകള്‍ കാണിച്ചാല്‍ 'കോടതി തന്നെ ഞെട്ടും'. തന്റെ സ്ഥലം മാറ്റം അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാനാണ്. രാകേഷ് അസ്താനയെ സഹായിക്കാനായിരുന്നു ഇതെന്നുംസിന്ഹ പറയുന്നു.
എന്നാല്‍ ഒന്നും ഞങ്ങളെ ഞെട്ടിക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയുടെ മറുപടി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ഹരിയാന സ്വദേശിയായ ബിസിനസുകാരന് സതീഷ് സനയില്‍ നിന്നും രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സിന്‍ഹ വ്യക്തമാക്കി. മാംസവ്യാപാരി മൊയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്നയാളാണ് സതീഷ് സന. എന്നാല്‍ സന അലോക് വര്‍മ്മയ്ക്ക് കൈക്കൂലി നല്‍കിയെന്നാണ് അസ്താനയുടെ ആരോപണം.
ഒക്ടോബര്‍ 24ന് പുലര്‍ച്ചെ തന്നെ അപ്രതീക്ഷിതമായി സ്ഥലംമാറ്റിയത് ഏകപക്ഷീയവും ദുരുദ്ദേശത്തോടെയുള്ളതും വഞ്ചനയുമാണെന്നും സിന്‍ഹ ഹര്‍ജിയില്‍ ആരോപിക്കുന്നു. ശക്തരായ വ്യക്തികള്‍ക്കെതിരെ ഉറപ്പുള്ള തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഇരയാക്കുന്നതാണ് ഈ നടപടിയെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി.
കേസില്‍ സര്‍ക്കാരിന്റെ നിരന്തരം ഇടപെടലുകള്‍ ഉണ്ടായിയെന്ന ആരോപണവും സിന്‍ഹയുടെ ഹര്‍ജിയിലുണ്ട്. കേന്ദ്ര നിയമസെക്രട്ടറി സുരേഷ് ചന്ദ്ര, ഐഎഎസ് ഓഫീസര്‍ ആയ രേഖ റാണി മുഖേന സതീഷ് സനയെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹവുമായി സതീഷ് സന വാട്സ്ആപ്പില്‍ സംസാരിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.






