
തിരുവനന്തപുരം/ബംഗളുരു: സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തേമസിനെ ദേശീയ നേതൃത്വം മാറ്റി. കെ. കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും. ജനതാദള്‍ ദേശീയ നേതൃത്വമാണ് മാത്യൂ ടി. തോമസിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വം എല്‍.ഡി.എഫ് കണ്‍വീനറെ അറിയിച്ചു. ജെ.ഡി.എസിലെ ധാരണ പ്രകാരമാണ് മന്ത്രിയെ മാറ്റിയതെന്നും പാര്‍ട്ടി പിളരില്ലെന്നും ദേശീയ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.
ചിറ്റൂര്‍ എം.എല്‍.എയായ കെ. കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവരുടെ നേതൃത്വത്തില്‍ ജനതാദളിലെ ഒരു വിഭാഗം ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയെ മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം മാത്യൂ ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി പറഞ്ഞു. മാത്യു ടി. തോമസിന് എതിര്‍പ്പുണ്ടാകില്ലെന്നും ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും നിയുക്ത മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. മാത്യു ടി. തോമസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പറഞ്ഞപ്പോള്‍ നേരത്തെയും മാറി നിന്നിട്ടുണ്ടെന്ന് മാത്യൂ ടി തോമസ് പ്രതികരിച്ചു. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മാത്യു ടി തോമസ് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും. തലസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ അദ്ദേഹം രാജിനല്‍കിയേക്കും. ദേശീയ നേതൃത്വം പൂര്‍ണമായി കൈവിട്ടതോടെയാണ് മാത്യു ടി. തോമസിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. രണ്ടര വര്‍ഷം കഴിയുനേ്പാള്‍ മന്ത്രിസ്ഥാനം വച്ചു മാറാമെന്ന ധാരണയുണ്ടെന്ന കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ വാദം അദ്ദേഹം തള്ളിയിരുന്നു.
ഇതോടെ ഭിന്നത രൂക്ഷമായി തര്‍ക്കം രൂക്ഷമായതോടെ ഇരു വിഭാഗങ്ങളെയും ദേശീയ നേതൃത്വം ബംഗളുരുവിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ മാത്യു ടി. തോമസ് വഴങ്ങിയില്ല. ബംഗളുരുവില്‍ എത്തി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താന്‍ മാത്യു ടി തോമസ് തയ്യാറായില്ല. ഇതേതുടര്‍ന്നാണ് ദേശീയ നേതൃത്വം മാത്യു ടി. തോമസിനെ പൂര്‍ണമായി തള്ളിയത്. ദേശീയ സെക്രട്ടറി ഡാനിഷ് അലി പൂര്‍ണമായും കൃഷ്ണന്‍കുട്ടി വിഭാഗത്തിന് പിന്തുണ നല്കി.






