ലക്നൗ: അയോധ്യയില്‍ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന മുറവിളികള്‍ക്കിടെ ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഡല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കണമെന്നും മസ്ജിദ് തകര്‍ത്താല്‍ സ്റ്റെയര്‍കേസിനടിയില്‍ വിഗ്രഹങ്ങള്‍ കണ്ടെത്താമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. വിഗ്രഹം കണ്ടെത്തിയില്ലെങ്കില്‍ തന്നെ തുക്കിക്കൊല്ലാമെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം താന്‍ ആദ്യമായി നടത്തിയ പ്രസ്താവന ഇതായിരുന്നുവെന്ന് സാക്ഷി മഹരാജ് പറഞ്ഞു. ഡല്‍ഹി ജുമാ മസ്ജിദിനെക്കുറിച്ച് താന്‍ അന്ന് പ്രസ്താവന നടത്തിയത് മഥുരയില്‍ വച്ചായിരുന്നു. അന്നത്തെ പ്രസ്താവനയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. മുഗള്‍ ഭരണകാലത്ത് ഹിന്ദുക്കളുടെ ആത്മാഭിമാനം വ്രണപ്പെടുത്തി 3000 ക്ഷേത്രങ്ങള്‍ തകര്‍ത്ത് മോസ്കുകള്‍ നിര്‍മ്മിച്ചുവെന്നും സാക്ഷി മഹാരാജ് ആരോപിച്ചു.
രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും രാമക്ഷേത്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.






