
തിരുവനന്തപുരം : ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് സിപിഐയില്‍ ആലോചന. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ വര്‍ഷങ്ങളായി മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.
കോണ്‍ഗ്രസ് എംപി ശശി തരൂരില്‍ നിന്നും മണ്ഡലം തിരിച്ചു പിടിക്കണമെങ്കില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ഉണ്ടാകണമെന്നു പാര്‍ട്ടി വിലയിരുത്തുന്നു. പന്ന്യന്‍ രവീന്ദ്രന് ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ ഇതിനു സഹായിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും പന്ന്യനോട് അടുപ്പമുള്ള നേതാക്കള്‍ വിഷയം അദ്ദേഹത്തോട് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.






