
സിഡ്നി: ഓസ്ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ പരിശീലന മത്സരത്തില്‍ യുവതാരം പൃഥ്വിഷായ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ പൃഥ്വിക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനായേക്കില്ല. കാലിന് പരിക്കേറ്റ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയും സ്കാനിംഗിന് വിധേയമാക്കുകയും ചെയ്തിരിക്കുകയാണ്.
കണങ്കാലിന് പരിക്കേറ്റ താരത്തെ ഒഫീഷ്യലുകള്‍ എടുത്താണ് പുറത്തേക്ക് കൊണ്ടുപോയത്. ക്രച്ചസിന്റെ സഹായത്തോടെയാണ് താരം ഇപ്പോള്‍ നടക്കുന്നത്. ഇതോടെ ഡിസംബര്‍ 6-ന് തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ താരം കളിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള മത്സരത്തിനിടയില്‍ മാക്സ് ബ്രയന്റിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
താരത്തിന്റെ അഭാവത്തില്‍ ലോകേഷ് രാഹുലും മുരളി വിജയിയുമായിരിക്കും ഓപ്പണര്‍മാര്‍. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടി പൃഥ്വി റെക്കോഡിട്ടിരുന്നു. സിഡ്നിയില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയതിനു പിന്നാലെയാണ് പരിക്കേറ്റത്. യുവതാരത്തിന്റെ പുറത്താകല്‍ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.






