
ആലുവ/ശബരിമല: െഹെക്കോടതി നിയോഗിച്ച മൂന്നംഗ സമിതി ഇന്നു ശബരിമലയില്‍. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം െവെകിട്ട് സന്നിധാനത്തെത്തും. തീര്‍ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം അവരോടു വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്യും. നാളെ രാവിലെ സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. സമിതി ഇന്നലെ ആലുവയിലെ ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ ആദ്യയോഗം ചേര്‍ന്നു.
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാകും മുന്‍ഗണനയെന്നു യോഗത്തിനു ശേഷം ജസ്റ്റിസ് പി.ആര്. രാമന് പറഞ്ഞു. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം, 24 മണിക്കൂറും ഭക്ഷണം എന്നിവ ഉറപ്പാക്കും. ക്രമസമാധാനപാലനം, നിരോധനാജ്ഞ ഉത്തരവ് എന്നിവ െഹെക്കോടതിയുടെ പരിഗണനയിലായതിനാല്‍ കമ്മിഷന്റെ വിഷയമല്ല. ശബരിമലയില്‍ ബാരിക്കേഡുകള്‍ കൂടുതലായുള്ളത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും.
തീര്‍ഥാടകര്‍ കൂടുതലായി എത്തണമെങ്കില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ടതുണ്ട്. കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ജസ്റ്റിസ് പി.ആര്. രാമന് പറഞ്ഞു. സമിതിയംഗങ്ങളെക്കൂടാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണര്‍ എന്‍. വാസു, സ്പെഷല്‍ കമ്മിഷണര്‍ മനോജ്, ചീഫ് എന്‍ജിനീയര്‍ ശങ്കരന് പോറ്റി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
അതിനിടെ, ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാരോപിച്ച് ബി.ജെ.പി. കേന്ദ്രസംഘം ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തിനു നിവേദനം നല്കി. ഗവര്‍ണറുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടുമെന്നു ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്ന് അവര്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി, പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍, നളിന്‍കുമാര്‍ കട്ടീല്‍ എന്നീ എം.പിമാരെയാണു ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്കയച്ചത്. ശബരിമലയില്‍ മേല്‍നോട്ടത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ച െഹെക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് എത്തുകയാണ്.
പ്രശ്നങ്ങളില്‍ ഉടനടി തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതി വരുന്നതോടെ ശബരിമലയില്‍ സര്‍ക്കാരിന്റെ ആധിപത്യം നഷ്ടമാകുമെന്ന സാഹചര്യത്തിലാണിത്. െഹെക്കോടതിയുടെ തീരുമാനം ഭരണപ്രതിസന്ധിക്ക് ഇടയാക്കുമെന്നും ഭരണഘടനാവിരുദ്ധമാണെന്നും വാദിച്ച് ഈയാഴ്ചതന്നെ സുപ്രീം കോടതിയെ സമീപിക്കാനാണു നീക്കം. നിരീക്ഷണ സമിതിയെ നിയോഗിക്കുന്നതിനു മുമ്പ് സര്‍ക്കാരിനോട് ആലോചിച്ചില്ലെന്നു ചൂണ്ടിക്കാട്ടും. സുപ്രീം കോടതിവിധി നടപ്പാക്കുന്നതിനെപ്പറ്റി െഹെക്കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമാകുന്നതുവരെ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.






