
ശബരിമല: സന്നിധാനത്തിന്റെ നിയന്ത്രണ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗസമിതി ഇന്ന് ശബരിമല സന്ദര്‍ശനം നടത്താനിരിക്കെ നിയന്ത്രണങ്ങള്‍ പോലീസ് പിന്‍വലിക്കുന്നു. ഭക്തര്‍ക്ക് തടസ്സങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ പറ്റുന്ന രീതിയില്‍ കാര്യങ്ങളില്‍ പോലീസ് അയവുവരുത്തിയതായും സന്നിധാനത്ത് ഇതുവരെ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങള്‍ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
മൂന്നംഗസമിതിയെ ചുമതല ഏല്‍പ്പിച്ചതോടെ അയ്യപ്പന്മാരുടെ പരാതി നേരിട്ട് ഹൈക്കോടതിയുടെ മുന്നില്‍ എത്തുമെന്നതിനാല്‍ ഭക്തരില്‍ നിന്നും പരാതി ഉണ്ടാകാത്ത വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കാനാണ് പോലീസിന്റെ നീക്കം. പമ്പയിലെ പോലീസ് നിയന്ത്രണങ്ങള്‍ നീക്കി. നാമജപത്തിന് ഇനി തടസ്സമുണ്ടാകില്ല. നീലിമല വഴിയും സ്വാമി അയ്യപ്പന് റോഡിലൂടെയും ഇനി സന്നിധാനത്തേക്ക് പോകാം. അയ്യപ്പന്മാരുടെ ബാഗ് തുറന്നുള്ള പരിശോധന സംശയാസ്പദമായ സാഹചര്യം ഉള്ളവരില്‍ മാത്രമാക്കി ചുരുക്കി. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയും മയപ്പെടുത്തി. നടകയറി മടങ്ങുന്നവര്‍ക്ക് വിരി വെയ്ക്കാനും വിശ്രമിക്കാനും പമ്പാ മണപ്പുറത്ത് താല്‍ക്കാലിക നടപ്പന്തലിന്റെ നിര്‍മ്മാണവും തുടങ്ങി.
ദര്‍ശനം നടത്തി തിരികെ പോകാന്‍ പമ്പാ മണപ്പുറം വഴി വിടാനും തീരുമാനിച്ചു. സ്ഥിതിഗതികളും സൗകര്യങ്ങളും പരിശോധിക്കാന്‍ ഇന്ന് നിരീക്ഷണസമിതി പമ്പയിലും നിലയ്ക്കലിലും സന്ദര്‍ശിക്കുകയും ഉച്ചയ്ക്ക് രണ്ടരയോടെ യോഗം ചേരുകയും ചെയ്യുന്നുണ്ട്. ശബരിമലയില്‍ ബാരിക്കേഡുകള്‍ കൂടുതലായുള്ളത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. തീര്‍ഥാടകര്‍ കൂടുതലായി എത്തണമെങ്കില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ടതുണ്ട്.
ജസ്റ്റീസ് എസ് സിരിഗജനാണ് ഹൈക്കോടതി നിയമിച്ച ഉന്നതാധികാര സമിതിയുടെ ചെയര്മാന്. ജസ്റ്റീസ് രാമന്, ഡിജിപി എ ഹേമചന്ദ്രന് എന്നിവരാണ് മറ്റുള്ളവര്‍. സമിതി ശബരിമലയിലെ സൗകര്യങ്ങള്‍ വിലയിരുത്തും. ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം, ശുചിമുറി എന്നിവ ഉള്‍പ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും 24 മണിക്കൂര്‍ ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യം എന്നീ കാര്യങ്ങളെല്ലാം സമിതി വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം എത്ര കുറയ്ക്കാന്‍ കഴിയുമെന്നും പരിശോധിക്കും. ക്രമസമാധാനപാലനം, നിരോധനാജ്ഞ ഉത്തരവ് എന്നിവ െഹെക്കോടതിയുടെ പരിഗണനയിലായതിനാല്‍ കമ്മിഷന്റെ വിഷയമല്ല.
അതേസമയം ഹൈക്കോടതി മൂന്നംഗ സമിതിയെ ശബരിമല കാര്യം ചുമതലപ്പെടുത്തിയതോടെ അധികാര പ്രശ്നവും ഉയരുന്നുണ്ട്. സമിതിയിലെ ഒരംഗം മുതിര്‍ന്ന ഐപിഎസുകാരനായ ഡിജിപി എ ഹേമചന്ദ്രനാണ്. ഇതോടെ ലോക്നാഥ് ബെഹ്റയ്ക്ക് മുകളിലാകും ഹേമചന്ദ്രന്റെ സ്ഥാനം. ഹേമചന്ദ്രനെ പോലീസുകാര്‍ അനുസരിക്കേണ്ടി വരും. ഇതുവരെ ഉണ്ടായിരുന്ന മേല്‍ക്കോയ്മ നഷ്ടമായതില്‍ സര്‍ക്കാരിനും അതൃപ്തിയുണ്ട്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ പോകാനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. ഭരണപ്രതിസന്ധി ഉണ്ടാകുമെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറയാനൊരുങ്ങുന്നത്.
പ്രശ്നങ്ങളില്‍ ഉടനടി തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതി വരുന്നതോടെ ശബരിമലയില്‍ സര്‍ക്കാരിന്റെ ആധിപത്യം നഷ്ടമാകുമെന്ന സാഹചര്യത്തിലാണിത്. െഹെക്കോടതി തീരുമാനം ഭരണപ്രതിസന്ധിക്ക് ഇടയാക്കുമെന്നും ഭരണഘടനാവിരുദ്ധമാണെന്നും വാദിച്ച് ഈയാഴ്ചതന്നെ സുപ്രീം കോടതിയെ സമീപിക്കാനാണു നീക്കം. ശബരിമലയെ സംബന്ധിച്ച് െഹെക്കോടതിക്കു മുന്നിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്കു വിളിച്ചുവരുത്തണമെന്ന ആവശ്യവും ഉന്നയിച്ചേക്കും.
നിരീക്ഷണ സമിതിയെ നിയോഗിക്കുന്നതിനു മുമ്പ് സര്‍ക്കാരിനോട് ആലോചിച്ചില്ലെന്നു ചൂണ്ടിക്കാട്ടും. യുവതീപ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22-നു പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കെയാണു സര്‍ക്കാരും അവിടേക്കു പോകുന്നത്. സുപ്രീം കോടതിവിധി നടപ്പാക്കുന്നതിനെപ്പറ്റി െഹെക്കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമാകുന്നതുവരെ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ എതിര്‍പ്പും സംഘര്‍ഷ സാഹചര്യവും സുപ്രീം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതിനുള്ള നടപടിക്കിടെയാണു െഹെക്കോടതിയുടെ ഉത്തരവുണ്ടായത്.
ടെമ്പിള്‍ ആക്ട് പ്രകാരം ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, മേല്‍ശാന്തി നിയമനം അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ െഹെക്കോടതിയുടെ മേല്‍നോട്ടത്തിലാണു നടക്കുന്നത്. 5000 രൂപയ്ക്ക് മേലുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും െഹെക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ മുന്‍കൂര്‍ അനുമതിയും വേണം. ഈ മണ്ഡല-മകരവിളക്കു കാലത്ത് െഹെക്കോടതിയുടെ നിരീക്ഷണസമിതി കൂടി വരുന്നതോടെ അധികാരങ്ങള്‍ െകെവിട്ടുപോകുമെന്നും വിവിധ വകുപ്പുകളുടെ ഏകോപനച്ചുമതല മാത്രമേ ബാക്കിയുണ്ടാകുകയുള്ളൂ എന്നുമുള്ള ചിന്തയിലാണ് എതിര്‍പ്പുമായി സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്കു പോകുന്നത്.
ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാരോപിച്ച് ബി.ജെ.പി. കേന്ദ്രസംഘം ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തിനു നിവേദനം നല്കി. ഗവര്‍ണറുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടുമെന്നു ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്ന് അവര്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി, പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍, നളിന്‍കുമാര്‍ കട്ടീല്‍ എന്നീ എം.പിമാരെയാണു ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്കയച്ചത്.






