
മാഡ്രിഡ്: സ്പാനിഷ് കോപ്പാഡെല്‍റേ ഫുട്ബോളില്‍ ലാലിഗ മുമ്പന്മാര്ക്കെല്ലാം തകര്‍പ്പന്‍ ജയം. രണ്ടാം സ്ഥാനത്തുള്ള വിയ്യാ റയല്‍ എട്ടു തവണ സ്കോര്‍ ചെയ്ത് അല്മെയ്രയ്ക്കെതിരേ ഗോള്‍വര്‍ഷം നടത്തിയപ്പോള്‍ കള്‍ച്ചറല്‍ ലിയോണീസ യ്ക്ക് എതിരേ സുവാരസിന്റെ ഇരട്ടഗോള്‍ പിന്‍ബലത്തില്‍ ബാഴ്സിലോണയും സാന്റ് ആന്‍ഡ്രൂവിനെ തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡും നാലുഗോള്‍ വിജയവുമായി മുമ്പോട്ടു പോയി.
മൂന്ന് ടീമുകളും രണ്ടാം റൗണ്ടിലേക്ക് കടക്കുകയും ചെയ്തു. ദുര്‍ബലരായ അല്‍മേരിയയ്ക്ക് മേല്‍ കാമറൂണ്‍താരം ടോക്കോ എകാമ്പിയുടെ ഹാട്രിക്കായിരുന്നു വിയ്യാറയലിന്റെ ജയത്തില്‍ തിളങ്ങി നിന്നത്. കൊളംബിയന്‍ താരം കാര്‍ലോസ് ബാക്കാ ഇരട്ടഗോള്‍ നേടിയപ്പോള്‍ ജറാഡ് മൊറാനോയും ഫ്യൂണസ് മോറിയും ഡാനി റാബയും ഗോള്‍ നേടി. ആദ്യപാദത്തില്‍ 3-3 സമനിലയില്‍ പിടിച്ച അല്മേരയെ രണ്ടാംപാദത്തില്‍ പൂര്‍ണ്ണമായും വിയ്യാറയല്‍ മുക്കുകയായിരുന്നു. ഒട്ടേറെ അവസരങ്ങള്‍ തുലച്ചിട്ടുപോലും വലിയ മാര്‍ജ്ജിനില്‍ അവര്‍ക്ക് വിജയിക്കാനായി.
ലയണേല്‍ മെസ്സിക്ക് വിശ്രമം നല്കി ഇറങ്ങിയ ബാഴ്സിലോണ 4-1 നായിരുന്നു കള്‍ച്ചറല്‍ ലിയോണീസിനെ തോല്‍പ്പിച്ചത്. ലൂയി സുവാരസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ എല്ഹദാദിയും മാല്‍ക്കവും സ്കോര്‍ ചെയ്തു. കഴിഞ്ഞ നവംബറിന് ശേഷം കോപ്പാ ഡെല്റയില് സുവാരസ് സ്കോര്‍ ചെയ്യുന്നത് ആദ്യമാണ്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഗോള്‍ നേടിയ മാല്‍ക്കവും മികവ് തെളിയിച്ചു. പരിശീലകന് ആയുള്ള 400 ാം മത്സരത്തില്‍ ഡിയഗോ സിമയോണിക്ക് അത്ലറ്റിക്കോ മാഡ്രിഡ് മികച്ച സമ്മാനമാണ് നല്‍കിയത്. 4-0 ന് തകര്‍പ്പന്‍ ജയം.
കഴിഞ്ഞ മത്സരത്തില ജിറോണയോട് സമനില വഴങ്ങിയ മത്സരത്തില്‍ നിന്നും സാന്റ് ആന്‍ഡ്രൂവിനെതിരേ ഏഴു മാറ്റങ്ങളാണ് സിമയോണി പരീക്ഷിച്ചത്. പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്കിയ മത്സരത്തില്‍ തോമസ് ലേമര്‍, നിക്കോളാ കാലിനിക്ക്, ഏഞ്ചല്‍ കോറീയ, വിറ്റാലോ എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ സ്കോറര്‍മാര്‍. കഴിഞ്ഞ മത്സരത്തില്‍ 4-0 ന് ജയം നേടിയ റയല്‍ മാഡ്രിഡ് മെലീലയ്ക്കെതിരേ ഇന്നിറങ്ങും.


