
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിലക്കു നേരിടുന്ന താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ നടത്തിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തെളിവുകള്‍ പുറത്ത് വന്നതോടെ നായകന് സ്റ്റീവ് സ്മിത്തും, ഉപനായകന്‍ ഡേവിഡ് വാര്‍ണറും രാജി വച്ചിരുന്നു.
വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങളായ സ്റ്റീവ് സ്മിത്തിനും, ഡേവിഡ് വാര്‍ണറിനും ഒരു വര്‍ഷം വീതവും ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസവും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവിച്ചതെല്ലാം ഏറ്റു പറഞ്ഞ് സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാര ഭരിതനായിരുന്നു. ഏറ്റവും ഒടുവില്‍ ബാന്‍ക്രോഫ്റ്റ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരശീലക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദേശപ്രകാരമാണ് താരം പന്ത് ചുരണ്ടിയതെന്നാണ് ബാന്‍ക്രോഫ്റ്റ് തുറന്നു പറഞ്ഞിരിക്കുന്നത്. അത് ചെയ്യാതിരിക്കാനുള്ള അവകാശം തനിക്കുണ്ടായിരുന്നുവെന്നും താരം കുറ്റസമ്മതം നടത്തി. അതുകൊണ്ട് തന്നെ വലിയ വില അതിനു കൊടുക്കേണ്ടി വന്നുവെന്നും താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.





