
മെല്‍ബണ്‍: ചേതേശ്വര്‍ പൂജരയുടെ സെഞ്ച്വറിയുടേയും നായകന് വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവ് രണ്ടാം ദിനം തുണയായപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോറില്‍. രണ്ടാം ദിവസം ഇന്നിംഗ്സ് ഏഴു വിക്കറ്റിന് 443 ന് ഇന്ത്യ ഡിക്ളയര്‍ ചെയ്തു. വാലറ്റത്ത് രോഹിത് ശര്‍മ്മയും അര്‍ദ്ധശതകം തികച്ചതിന് പിന്നാലെയാണ് ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് വിട്ടത്.
നേരത്തേ ഓസീസ് പര്യടനത്തില്‍ രണ്ടാമത്തെയും കരിയറിലെ 17 ാമത്തെയും സെഞ്ച്വറി കുറിച്ച പൂജാര നായകന് വിരാട് കോഹ്ലിയുമായി അടിച്ചു കൂട്ടിയ 170 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് രണ്ടാം ദിവസം തുണയായത്. 82 റണ്‍സ് എടുത്ത് കോഹ്ലി സ്റ്റാര്‍ക്കിന്റെ പന്തില്‍ ഫിഞ്ച് പിടിച്ച് മടങ്ങിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. പൂജാര 106 റണ്‍സ് എടുത്ത് കമ്മിന്‍സിന് കീഴടങ്ങി.
ബോക്സിംഗ് ഡേയില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരനായി മാറിയ പൂജാര ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും തന്റെ പേരില്‍ കുറിച്ചത്. ഇരുവരും മടങ്ങിയ ശേഷം രഹാനേ (34)യെയും പന്തി(39) നെയും സാക്ഷി നിര്‍ത്തി രോഹിത് ശര്‍മ്മയും അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. രഹാനേയെ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ പന്തിനെ സ്റ്റാര്‍ക്ക് ഖ്വാജയുടെ കയ്യില്‍ എത്തിച്ചു. 63 റണ്‍സ് എടുത്ത രോഹിതും നാലു റണ്‍സുമായി ജഡേജയും നില്‍ക്കുമ്പോഴാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തത്.
നേരത്തേ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ ഓപ്പണര്‍ വിഹാരിയെ നഷ്ടമായിരുന്നു. എട്ട് റണ്‍സ് എടുത്ത വിഹാരി ഫിഞ്ചിന്റെ കയ്യിലെത്തി. 76 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളിനെയും മടക്കിയത് കമ്മിന്‍സ് ആയിരുന്നു. ടിം പെയ്ന് ആയിരുന്നു പിടികൂടിയത്. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയിട്ടുള്ള ഓസീസിന് ആറ് ഓവര്‍ കഴിയുമ്പോള്‍ എട്ടു റണ്‍സ് എടുത്ത നിലയിലാണ്.






