
തിരുവനന്തപുരം: ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലില്‍ നാലു പഞ്ചായത്തുകള്‍ ചേരുന്ന കുടുംബശ്രീകളുടെ ഗ്രൂപ്പ് 12,000-15,000 പേരെ പങ്കെടുപ്പിക്കണമെന്നു നിര്‍ദേശം. പഞ്ചായത്തുകളില്‍ വ്യാപകമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞദിവസം കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ചേര്‍ന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് കണ്‍വീനര്‍മാര്‍, പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗത്തിലാണു തീരുമാനം. ജനസംഖ്യയ്ക്ക് ആനുപാതികമായി ആളുകളെ പങ്കെടുപ്പിക്കണം. ഇവര്‍ പങ്കെടുക്കേണ്ട സ്ഥലവും വിശദാംശങ്ങളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തീരുമാനിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ദേശിച്ചിരിക്കുന്നത്. യോഗങ്ങള്‍ പൂര്‍ത്തിയാകാത്ത ജില്ലകളില്‍ രണ്ടുദിവസത്തിനുള്ളില്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണു കര്‍ശനനിര്‍ദേശം. മന്ത്രിസഭാ തീരുമാനപ്രകാരം നടത്തുന്ന പരിപാടിയായതിനാല്‍ വിട്ടുനില്‍ക്കുക ബുദ്ധിമുട്ടാകും. എന്നാല്‍ പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ യോഗങ്ങളോടു നിസ്സഹകരിക്കാനാണു തീരുമാനം. വനിതാമതിലിനായി ഖജനാവില്‍നിന്ന് ഒരു െപെസപോലും ചെലവഴിക്കില്ലെന്നു മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിക്കുമ്പോഴും യോഗങ്ങള്‍ സര്‍ക്കാര്‍ ചെലവിലാണ്. യോഗത്തില്‍ പങ്കെടുക്കാനായി കലക്ടറേറ്റില്‍ പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും പോകുന്നതിനുള്ള ചെലവും പ്രചാരണത്തിനുള്ള ചെലവും പൊതുഖജനാവില്‍നിന്നാണ്.
രണ്ടുദിവസത്തെ യോഗത്തിനു പുറമേ സ്ഥലവും മറ്റും നിശ്ചയിച്ചു കിട്ടാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും വീണ്ടും പോകേണ്ടിവരും. മൂന്നുദിവസമെങ്കിലും ഇവര്‍ പഞ്ചായത്ത് ഓഫീസുകളിലുണ്ടാവില്ല. നാലു പഞ്ചായത്തുകള്‍ ചേരുന്ന ഒരു ഗ്രൂപ്പിന് നിശ്ചയിച്ചു നല്‍കിയിട്ടുള്ള എണ്ണം വനിതകളെ പങ്കെടുപ്പിക്കുന്നതിനു പുറമേ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമുണ്ട്.
ചില പഞ്ചായത്തുകളില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍ െവെസര്മാര്, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ്.സി-എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ സംയുക്തയോഗവും ചേര്‍ന്നുകഴിഞ്ഞു. നാളെ വാര്‍ഡ് തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു മേറ്റുമാര്‍, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ്.സി-എസ്.ടി. പ്രമോട്ടര്‍മാര്‍ എന്നിവരുടെ യോഗം ബന്ധപ്പെട്ട എ. ഡി. എസ്/ സി. ഡി. എസുമാരുടെ നേതൃത്വത്തില്‍ ചേരാനും നിര്‍ദേശിച്ചിട്ടുണ്ട്. 30, 31 തീയതികളില്‍ വാര്‍ഡ് തലത്തില്‍ സ്ക്വാഡ് വര്‍ക്ക് നടത്താനും നിര്‍ദേശമുണ്ട്.






